November 28, 2024, 4:57 am

നിജ്ജാര്‍ വധത്തിനു പിന്നിലെ ഇന്ത്യന്‍ ഏജന്‍സികളുടെ പങ്കിന് ശക്തമായ തെളിവുണ്ട്; നിലപാടില്‍ ഉറച്ച് കാനഡ

കനേഡിയന്‍ പൗരനായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്കു പങ്കുണ്ടെന്ന നിലപാടില്‍ ഉറച്ച് കാനഡ. ഇന്ത്യന്‍ ഉദ്യോഗസ്ഥരും കാനഡയിലെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടന്നതായാണ് ആരോപണം. ഇതിനുള്ള തെളിവ് രാജ്യാന്തര രഹസ്യാന്വേഷണ കൂട്ടായ്മ നല്‍കിയതായി കാനഡ അവകാശപ്പെട്ടു. നേരിട്ടും അല്ലാതെയും തെളിവു ശേഖരിച്ചതായും കാനഡ വ്യക്തമാക്കി. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇലക്ട്രോണിക് തെളിവുണ്ടന്നും വാദമുണ്ട്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് കനേഡിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷനാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, തെളിവ് ഇപ്പോള്‍ കൈമാറാനാകില്ലെന്നാണ് അവരുടെ നിലപാട്. വിശദമായ അന്വേഷണത്തിനു ശേഷമേ തെളിവു കൈമാറാനാകൂ എന്നാണ് കാനഡ വ്യക്തമാക്കുന്നത്. കാനഡയിലെ ഖലിസ്ഥാനി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന കാനഡയുടെ ആരോപണമാണ് ഇപ്പോഴത്തെ നയതന്ത്ര സംഘര്‍ഷത്തിനു കാരണമായത്. നേരത്തെ, നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന ആരോപണം കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആവര്‍ത്തിച്ചിരുന്നു. ഇതു രാജ്യാന്തര ധാരണകളുടെ ലംഘനമാണ്. ഇന്ത്യ അന്വേഷണവുമായി സഹകരിക്കണം. ഇന്ത്യയെ പ്രകോപിപ്പിക്കുക ലക്ഷ്യമല്ല -ട്രൂഡോ ന്യൂയോര്‍ക്കില്‍ പറഞ്ഞു. എന്നാല്‍, ഇന്ത്യന്‍ പങ്കിനെക്കുറിച്ച് എന്തു തെളിവാണുള്ളതെന്ന ചോദ്യത്തിന് അദ്ദേഹം നേരിട്ടു മറുപടി നല്‍കിയതുമില്ല. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയര്‍ത്തുന്ന ആരോപണ പ്രത്യാരോപണങ്ങള്‍ ഇന്ത്യ – കാനഡ ബന്ധം കൂടുതല്‍ മോശമാക്കുന്നതിനിടെയാണ്, കാനഡ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന സൂചനകള്‍ വരുന്നത്. വിട്ടുവീഴ്ചയ്ക്കില്ലെന്ന തീരുമാനത്തില്‍ ഇന്ത്യയും ഉറച്ചു നില്‍ക്കുകയാണ്.

You may have missed