November 28, 2024, 10:00 am

ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിളിന്റെ മാതൃ കമ്പനി ആല്‍ഫബറ്റ്

കാലിഫോര്‍ണിയ: ടെക് ഭീമന്റെ ഗൂഗിളിന്റെ മാതൃകമ്പനി നൂറുകണക്കിന് പേരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആല്‍ഫബറ്റിന്റെ ഗ്ലോബര്‍ റിക്രൂട്ട്‌മെന്റ് ടീമില്‍ നിന്നാണ് നിരവധിപ്പേരെ ഒഴിവാക്കുന്നത്. ബുധനാഴ്ച ഇത് സംബന്ധിച്ച അറിയിപ്പുണ്ടായി. കമ്പനി പുതിയ നിയമനങ്ങള്‍ കുറയ്ക്കുന്ന സാഹചര്യത്തിലാണ് ഗ്ലോബല്‍ റിക്രീട്ട്‌മെന്റ് ടീമില്‍ നിന്ന് ആളുകളെ കൂട്ടത്തോടെ പിരിച്ചുവിടുന്നതെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇപ്പോള്‍ ജീവനക്കാരില്‍ ഒരു വിഭാഗത്തെ ഒഴിവാക്കുന്നത് കമ്പനിയിലെ വ്യാപകമായ കൂട്ടപ്പിരിച്ചു വിടലിന്റെ ഭാഗമല്ലെന്നാണ് വിശദീകരണം. സുപ്രധാന തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് തുടരുന്നതിനായി നല്ലൊരു ഭാഗം ജീവനക്കാരെയും നിലനിര്‍ത്തിയിട്ടുണ്ടെന്നും ആല്‍ഫബറ്റ് അറിയിക്കുന്നു. ഈ പാദവര്‍ഷത്തില്‍ വലിയ തോതില്‍ ജീവനക്കാരെ ഒഴിവാക്കുന്ന ആദ്യ ടെക് ഭീമനായി മാറിയിരിക്കുകയാണ് ഇതോടെ കാലിഫോര്‍ണിയ ആസ്ഥാനമായ ആല്‍ഫബറ്റ്. മെറ്റയും മൈക്രോസോഫ്റ്റും ആമസോണും ഈ വര്‍ഷം ആദ്യത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നു. കൊവിഡിന് ശേഷം വ്യാപകമായി കൂടുതല്‍ റിക്രൂട്ട്‌മെന്റുകള്‍ നടത്തിയിരുന്ന ഈ സ്ഥാപനങ്ങളെ പിന്നീടുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധിയാണ് റിക്രൂട്ട്‌മെന്റുകള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതമാക്കിയത്. ആഗോള തലത്തില്‍ ആകെ ജീവനക്കാരുടെ എണ്ണത്തില്‍ ആറ് ശതമാനത്തോളം പേരെ ഇക്കഴിഞ്ഞ ജനുവരിയില്‍ തന്നെ ആല്‍ഫബറ്റ് വെട്ടിക്കുറച്ചിരുന്നു. ഏതാണ്ട് പന്ത്രണ്ടായിരം പേരെയാണ് അന്ന് പിരിച്ചുവിട്ടത്. മൈക്രോസോഫ്റ്റ് ജീവനക്കാരില്‍ പതിനായിരത്തോളം പേരെയും ആമസോണ്‍ 18,000 പേരെയും ഒഴിവാക്കിയിരുന്നു. ജൂലൈ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ അമേരിക്കയില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടവരുടെ എണ്ണം മൂന്ന് മടങ്ങായി ഉയര്‍ന്നുവെന്ന് പ്രമുഖ്യ എംപ്ലോയ്‌മെന്റ് കമ്പനിയായ ചലഞ്ചര്‍, ഗ്രേ ആന്റ് ക്രിസ്മസ് ചൂണ്ടിക്കാട്ടി. ഒരു വര്‍ഷം മുമ്പിലത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പിരിച്ചുവിടലുകള്‍ നാല് ഇരട്ടിയോളമാണ്.

You may have missed