November 28, 2024, 4:18 am

കോഴിക്കോട് വീണ്ടും നിപ; പുതിയ പ്രോട്ടോക്കോൾ ഉണ്ടാക്കണമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: കോഴിക്കോട് മൂന്നാം നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു ഡാറ്റയും സർക്കാർ ശേഖരിക്കുന്നോ സൂക്ഷിക്കുന്നോയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിലവിലെ പ്രോട്ടോക്കോളിൽ ആരോഗ്യപ്രവർത്തകർക്ക് വ്യാപക പരാതിയുണ്ട്. കൂടിയാലോചന നടത്തി പുതിയ പ്രോട്ടോക്കോൾ ഉണ്ടാക്കണം. നിപ കൈകാര്യം ചെയ്യാൻ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകണം. കേന്ദ്ര ആരോഗ്യമന്ത്രി നിപ സ്ഥിരീകരിച്ചിട്ടും നമുക്ക് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാൽ പ്രതിപക്ഷ നേതാവിനുള്ള മറുപടിയിൽ ആരോഗ്യ മന്ത്രി അനാവശ്യ വിവാദങ്ങൾക്കുള്ള സമയവും സ്ഥാനവുമല്ല ഇതെന്ന് ഓർമ്മപ്പെടുത്തി. സർക്കാർ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. കേരളം ഒറ്റക്കെട്ടായി ഈ സ്ഥിതിയെ നേരിടുകയാണ് വേണ്ടത്. സംസ്ഥാനത്ത് രണ്ട് ലാബുകളിൽ ഈ രോഗം സ്ഥിരീകരിക്കാൻ സാധിക്കും. പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സ്ഥിരീകരണം സാങ്കേതിക നടപടിക്രമം മാത്രമാണ്. നിപ ആദ്യം സ്ഥിരീകരിച്ച 2018 ൽ ഉണ്ടാക്കിയ പ്രോട്ടോകോൾ 2021 ൽ പരിഷ്കരിച്ചുവെന്നും ഡോക്ടർമാരുടെ സംഘമാണ് ഉണ്ടാക്കിയത്. നിലവിൽ അതനുസരിച്ച് പോവുകയാണെന്നും മന്ത്രി വ്യക്തമാക്കി.

രണ്ടാമത്തെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്ന വിലയിരുത്തലിലാണ് നിപ പരിശോധിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി നേരത്തെ സഭയിൽ അറിയിച്ചിരുന്നു. പിന്നീടാണ് പ്രതിപക്ഷം സബ്മിഷനായി വീണ്ടും വിഷയത്തിൽ സർക്കാരിനെ വിമർശിച്ചത്. ഐസൊലേഷനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പേവാർഡിൽ 75 മുറികൾ സജ്ജീകരിച്ചിട്ടുണ്ടെന്നും പ്രോട്ടോക്കോൾ ഉണ്ടാക്കിയെന്നും കേന്ദ്ര സഹകരണം തേടിയെന്നും മന്ത്രി പറഞ്ഞു. ആൻറി ബോഡി ലഭ്യമാക്കുന്നതിന് ഐസിഎംആറുമായി ബന്ധപ്പെട്ടെന്നും ഇത് വിമാനമാർഗം എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

You may have missed