മിസ്റ്റര്‍ ചാണ്ടി ഉമ്മന്‍, നിങ്ങളുടെ ശത്രുക്കള്‍ നിങ്ങള്‍ക്ക് ഒപ്പമാണ് ഇരിക്കുന്നത്; കെ.ടി ജലീല്‍

തിരുവനന്തപുരം: സോളാര്‍ രക്തത്തില്‍ ഇടത് പക്ഷത്തിന് പങ്കില്ലെന്ന് കെ.ടി ജലീല്‍. നിങ്ങളുടെ ശത്രുക്കള്‍ നിങ്ങള്‍ക്ക് ഒപ്പമാണ് ഇരിക്കുന്നത് ജലീല്‍ പ്രതിപക്ഷ നിരയില്‍ ഇരിക്കുന്ന ചാണ്ടി ഉമ്മനോട് പറഞ്ഞു. ഇടതു പക്ഷത്തിന് രാഷ്ട്രീയ എതിരാളികളേ ഉള്ളു. രാഷ്ട്രീയ ശത്രുക്കളില്ലെന്നും ജലീല്‍. സോളാറിന്റെ ശില്പിയും രക്ഷിതാവും ഇടതുപക്ഷം അല്ല കോണ്‍ഗ്രസുകാരാണ്. ആരേയും ഇല്ലാതാക്കി നിഷ്‌കാസനം ചെയ്യുന്ന സ്വഭാവം ഇടതുപക്ഷത്തിനില്ല. ഉമ്മന്‍ചാണ്ടിയെ സോളാര്‍ കേസില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തി വ്യക്തിഹത്യ നടത്താന്‍ ഏതെങ്കിലും ഇടതുപക്ഷ മാധ്യമങ്ങള്‍ ശ്രമിച്ചിരുന്നോ? കേരളത്തിലെ പല വിവാദങ്ങളുടെയും അടിവേര് ചികഞ്ഞാല്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിലാണ് എത്തിനില്‍ക്കുക – ജലീല്‍ പറഞ്ഞു. സോളാര്‍ കേസ് ഉയര്‍ത്തിക്കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. സോളാറില്‍ സിപിഎമ്മിന് എന്ത് പങ്കാണ് ഉള്ളതെന്നും ജലീല്‍ ചോദിച്ചു. സിബിഐ റിപ്പോര്‍ട്ടില്‍ എവിടെയെങ്കിലും ഇടതുപക്ഷ സര്‍ക്കാരിന്റെ ഇടപെടലിനെ കുറിച്ച് പറയുന്നുണ്ടോയെന്ന് ചോദിച്ച അദ്ദേഹം താങ്കളുടെ ശത്രുക്കള്‍ താങ്കളോടൊപ്പമാണെന്ന് ചാണ്ടി ഉമ്മനോട് പറഞ്ഞു