തമിഴ് നടൻ ജി മാരിമുത്തു അന്തരിച്ചു
തമിഴ് നടൻ ജി മാരിമുത്തു അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. രജനികാന്തിന്റെ ‘ജയിലറാ’ണ് മാരിമുത്തുവിന്റേതായി അവസാനമായി തിയേറ്ററുകളിലെത്തിയ ചിത്രം. ടെലിവിഷൻ സീരിയലായ ‘എതിര്‍നീച്ചലി’ന്റെ ഡബ്ബിങ് ചെയ്യുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്ന മാരിമുത്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തമിഴ്സിനിമയിലും ടെലിവിഷൻ രംഗത്തും രണ്ടു പതിറ്റാണ്ടിലേറെയായി സഹസംവിധായകനായും അഭിനേതാവായും സംവിധായകനായും നിറഞ്ഞു നിന്ന വ്യക്തിയാണ് മാരിമുത്തു. 1967 തമിഴ്നാട്ടിലെ തേനിയിലാണ് ജനനം. സിനിമാ സ്വപ്നവുമായി 1990 ല്‍ തേനിയില്‍ നിന്ന് ചെന്നൈയിലെത്തി. ഹോട്ടലില്‍ വെയിറ്ററായി വര്‍ഷങ്ങളോളം ജോലി ചെയ്തു. അതിനിടെ കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ പരിചയപ്പെട്ടത് സിനിമയിലേക്കുള്ള വാതില്‍ തുറന്നു. രാജ്കിരണ്‍ സംവിധാനം ചെയ്ത അരമനൈ കിള്ളി (1993), എല്ലാമേ എൻ രാസത്തൻ (1995) തുടങ്ങിയ ചിത്രങ്ങളില്‍ സഹായിയായി പ്രവര്‍ത്തിച്ചു.കൂടാതെ മണിരത്നം, വസന്ത്, സീമൻ, എസ്.ജെ സൂര്യ എന്നിവരുടെ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1999 ല്‍ പുറത്തിറങ്ങിയ വാലി ആണ് ആദ്യമായി അഭിനയിച്ച ചിത്രം.