എംഎല്‍എമാര്‍ക്കുള്ള സര്‍ക്കാരിന്റെ സൗജന്യ കിറ്റ് വേണ്ടെന്നു വെച്ച് യുഡിഎഫ്
തിരുവനന്തപുരം: എംഎല്‍എമാര്‍ക്കുള്ള സര്‍ക്കാരിന്റെ സൗജന്യ കിറ്റ് വേണ്ടെന്നു വെച്ച് യുഡിഎഫ്. യുഡിഎഫ് എംഎല്‍എമാര്‍ കിറ്റ് വാങ്ങില്ലെന്നാണ് പുറത്തുവരുന്ന വിവരം. സാധാരണക്കാര്‍ക്ക് കിട്ടാത്ത കിറ്റ് യുഡിഎഫിനും വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജനപ്രതിനിധികള്‍ക്ക് കിറ്റ് നല്‍കാന്‍ ഭക്ഷ്യ വകുപ്പ് തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ് യുഡിഎഫ് വേണ്ടെന്ന് വെച്ചിരിക്കുന്നത്.
അതേസമയം, ഓണക്കിറ്റ് വിതരണത്തിനുള്ള സമയപരിധി ഇന്ന് തീരാനിരിക്കെ പകുതിയിലേറെ പേര്‍ക്കും ഓണക്കിറ്റ് ലഭിച്ചില്ല. മൂന്നരലക്ഷത്തോളം പേര്‍ക്കാണ് ഇനിയും ഓണക്കിറ്റ് കിട്ടാനുള്ളത്. ഇന്ന് തന്നെ കിറ്റ് വിതരണം പൂര്‍ത്തിയാകുമെന്നാണ് സര്‍ക്കാര്‍ വാദം. ഇത്തവണ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിലാണ്. ഇന്നലെ രാത്രി വരെയുള്ള കണക്ക് പ്രകാരം 2,59,944 കിറ്റുകളാണ് ആകെ വിതരണം ചെയ്തത്. ഇനിയും 3,27,737 പേര്‍ക്ക് കൂടി കിറ്റ് നല്‍കാന്‍ ഉണ്ട്. മുഴുവന്‍ റേഷന്‍കടകളിലും കിറ്റ് എത്തിച്ചിട്ടുണ്ടെന്നും ഇന്ന് തന്നെ വിതരണം പൂര്‍ത്തിയാകുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. ഓണം കണക്കിലെടുത്ത് റേഷന്‍ കടകള്‍ രാവിലെ 8 മണിമുതല്‍ രാത്രി 8 മണിവരെ ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കും. ക്ഷേമ സ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂര്‍ത്തിയായെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്.