അച്ചു ഉമ്മന് എതിരായ സൈബര്‍ ആക്രമണം ശുദ്ധ മര്യാദകേടെന്ന് ജെയ്ക്ക് സി തോമസ്

കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന് എതിരെ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന സൈബര്‍ ആക്രമണം ശുദ്ധ മര്യാദകേടെന്ന് പുതുപ്പള്ളിയിലെ ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ്. മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ആയാലും വ്യക്തി അധിക്ഷേപം അംഗീകരിക്കാന്‍ കഴിയില്ല. അന്തസുള്ളവര്‍ വ്യക്തി അധിക്ഷേപത്തെ പിന്തുണക്കില്ലെന്നും ജെയ്ക്ക് പറഞ്ഞു. പുതുപ്പള്ളി തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന വേളയില്‍ ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ വലിയ രീതിയിലുള്ള സൈബറാക്രമണമാണ് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളിലുണ്ടാകുന്നത്. കണ്ടന്റ് ക്രിയേറ്ററായ അച്ചു ധരിക്കുന്ന ബ്രാന്റഡ് വസ്ത്രങ്ങള്‍, ബാഗുകളടക്കമുള്ളതിന്റെ വിലയടക്കം പ്രചരിപ്പിക്കുകയും അപകീര്‍ത്തിപരമായ രീതിയിലടക്കം ചിത്രീകരിക്കുകയും ചെയ്യുന്നതിനെതിരെ വലിയ തോതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.