‘കുനിയുന്നതും നിവരുന്നതും നല്ലതാണ്, എന്നാൽ ഇങ്ങനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും’; തലൈവരെ പരിഹസിച്ച് ശിവൻകുട്ടി
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാല് തൊട്ട് വന്ദിക്കുന്ന രജനികാന്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് ചർച്ചയായത്. ഈ വിഷയത്തിൽ പ്രതികരിച്ച് മന്ത്രി വി. ശിവൻകുട്ടി ഫെയിസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.‘കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ് എന്നാല്‍ ഇങ്ങിനെ കുനിഞ്ഞാല്‍ ഒടിഞ്ഞു പോകും’ എന്നാണ് മന്ത്രി ഫെയിസ്ബുക്കിൽ കുറിച്ചത്. ഇതിനൊപ്പം ജയിലര്‍, ഹുകും തുടങ്ങിയ ഹാഷ്ടാഗുകളും ചേർത്തിട്ടുണ്ട്. രജനിയുടെ ഈ പ്രവർത്തിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. മുതിര്‍ന്നവരെ വണങ്ങുന്നതില്‍ ഒരു തെറ്റുമില്ലെന്നും എന്നാൽ രജിനിയെ പോലെ ഒരാൾ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ വണങ്ങേണ്ടതില്ലെന്നും തുടങ്ങി പല അഭിപ്രായങ്ങളാണ് പലരും പങ്കുവെക്കുന്നത്.
‘ജയിലര്‍’ റിലീസിന് മുമ്പ് ഹിമാലയത്തിലേക്ക് പോയ രജനികാന്ത് യോഗിക്കൊപ്പം സിനിമ കാണുമെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജയിലറിന്റെ ഒരു പ്രത്യേക പ്രദര്‍ശനം ലഖ്നൗവില്‍ നടന്നിരുന്നു.