November 28, 2024, 2:19 am

ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലി; രാജഭരണം പോയി, ഇന്ന് പ്രജകളാണ് രാജാക്കന്മാർ : മമ്മൂട്ടി

ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റ് മഹാബലിയാണെന്ന് നടൻ മമ്മൂട്ടി. തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലിയെന്നും മനസ് കൊണ്ടും സ്നേഹം കൊണ്ടും നമുക്ക് ഒരേ പോലെയാകാമെന്നും മമ്മൂട്ടി പറഞ്ഞു.‘അത്താഘോഷ പരിപാടിയിൽ ഞാൻ അതിഥിയായി ആദ്യമായാണ് എത്തുന്നത്. ഞാൻ ചെമ്പിലുള്ള ആളാണ്. നിങ്ങളറിയുന്ന മമ്മൂട്ടിയാകുന്നതിനു മുൻപ് അത്തം ഘോഷയാത്രയിൽ വായ്‌ നോക്കി നടന്നിട്ടുണ്ട്. അന്നും അത്താഘോഷത്തിൽ പുതുമയും അത്ഭുതവും തോന്നിയിട്ടുണ്ട്. ഇന്നും പുതുമയും അത്ഭുതവും മാറിയിട്ടില്ല. ഏതു സങ്കൽപ്പത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിലായാലും അത്തം നമ്മളെ സംബന്ധിച്ചിടത്തോളം ഒരു ആഘോഷമാണ്’ എന്ന് അദ്ദേഹം പറഞ്ഞു.‘രാജഭരണം പോയി, ഇന്ന് പ്രജകളാണ് രാജാക്കന്മാർ. നമ്മൾ പ്രജകളാണ് ഇപ്പോൾ സർവാഭരണ വിഭൂഷിതരായി ആഘോഷിക്കുന്നത്. വലിയൊരു ജനാധിപത്യ കാലഘട്ടത്തിൽ നമ്മൾ ജീവിക്കുമ്പോൾ ഈ ആഘോഷം പൂർണമായും ജനങ്ങളുടേതാണ്. ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലി. മനുഷ്യരെ എല്ലാവരെയും ഒന്നു പോലെ കാണുക എന്ന സങ്കൽപ്പം ഈലോകത്ത് മറ്റെങ്ങുമുള്ളതായി നമുക്കറിയില്ല’ മമ്മൂട്ടി പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയനാണ് തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത്. തൃപ്പൂണിത്തുറയിൽ നാടൻ കലാരൂപങ്ങളും വാദ്യഘോഷങ്ങളുമായി നീങ്ങുന്ന ഘോഷയാത്ര കാണാൻ പതിനായിരങ്ങളാണ് ഒത്തുകൂടിയത്.

You may have missed