November 28, 2024, 12:24 am

ലോകത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന മൂന്ന്‌ സ്ഥലങ്ങളും അവയുടെ പിന്നാമ്പുറ രഹസ്യങ്ങളും

ചെന്നെത്തുന്ന ഓരോ സ്ഥലത്തും പുതിയതും വിചിത്രവുമായ കാഴ്ചകൾ അനുഭവവേദ്യമാക്കുക, വ്യത്യസ്തങ്ങളായ സംസ്കാരങ്ങളെയും ചരിത്രങ്ങളേയും കൂടുതൽ അറിയുക എന്നിങ്ങനെ യാത്രകളെ പ്രണിയിക്കുന്നവർക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ നിരവധിയാണ്. സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഭയപ്പെടുത്തുന്നതോ കൗതുകം ഉണർത്തുന്നതോ അവിശ്വസനീയമോ ആയ കാഴ്ചകൾ കൂടി ഉണ്ടെങ്കിൽ അത്തരം സാഹസിക യാത്രകളിലെ അനുഭവങ്ങൾ ഏറെ അതിശയപ്പെടുത്തുകയും ചെയ്യും . ചില സ്ഥലങ്ങൾ അങ്ങനെയാണ്. അത്യന്തം ആകാംക്ഷയും പേടിയും നിറയ്ക്കുന്ന കാഴ്ചകൾ നമ്മെ വല്ലാതെ പിന്തുടരും.സഞ്ചാരിയുടെ അന്വേഷണാത്മകതയും ആഗ്രഹവും പോലെയിരിക്കും ഇത്തരം ഭീതിദമായ ഓർമകളുടെ തീവ്രതയും.ആഡംബര ക്രൂസ് കപ്പലുകളിലെ കൊലപാതകങ്ങൾ, ബ്രിട്ടിഷ് കോട്ടകളിൽ അലഞ്ഞുതിരിയുന്ന ആത്മാക്കൾ, കൊടും വനങ്ങളിലെ ഇരുണ്ട രഹസ്യങ്ങൾ തുടങ്ങി ഭീതി ഉളവാക്കുന്ന ഇടങ്ങൾ മാത്രം തിരഞ്ഞെടുത്ത് യാത്ര ചെയ്യുന്നവരും ചുരുക്കമല്ല. അത്തരക്കാർക്കു വേണ്ടി ലോകത്തിലെ തന്നെ മൂന്ന് കുപ്രസിദ്ധ സ്ഥലങ്ങളെ പരിചയപ്പെടാം….

ഹൊയ-ബാസിയു ഫോറസ്റ്റ്, റൊമാനിയ

വടക്കുപടിഞ്ഞാറൻ റൊമാനിയൻ നഗരമായ ക്ലൂജ്-നാപ്പോകയുടെ പടിഞ്ഞാറ് ഭാഗത്താണ് ഹോയ ബാസിയു ഫോറസ്റ്റ്. 729 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന കൊടുംകാടാണ് ഇത്. ലോകത്തിലെ തന്നെ ഏറ്റവും ‘ഭയാനകമായ വനം’ എന്നാണ് ഇത് അറിയപ്പെടുന്നത്. റൊമാനിയൻ മന്ത്രവാദികൾ, അമേരിക്കൻ വാൾപ്പയറ്റുകാർ, യോഗയിലൂടെ തിന്മയുടെ ശക്തികളെ ശുദ്ധീകരിക്കാൻ ശ്രമിക്കുന്ന ആളുകൾ തുടങ്ങിയവരെ ഏറെ ആകർഷിച്ചിരുന്നു ഈ കാടിന്റെ ഘടന. മധ്യകാല ചരിത്രത്തിനുപുറമെ, 1960 കളുടെ അവസാനത്തിൽ ഇവിടെനിന്ന് ഒരു ‘പറക്കുംതളിക’യുടെ ചിത്രം പകർത്തിയെന്ന് ഒരു സൈനികൻ അവകാശപ്പെട്ടതോടെ ഹോയ-ബാസിയു ലോകമെമ്പാടും പ്രസിദ്ധമായി. ഇവിടെ സന്ദർശകർ അപ്രത്യക്ഷരാകാറുണ്ടെന്നും ചിലർ കരുതുന്നു . നൂറുകണക്കിനു വർഷം മുമ്പ് ഈ കാട്ടിൽ നിരവധി കർഷകർ കൊല്ലപ്പെട്ടിരുന്നുവെന്നും അതിനാൽ ഇപ്പോഴും ഈ പ്രദേശത്ത് നിഗൂഢമായ ചിലതുണ്ടെന്നുമാണ് വിശ്വാസം. നൂറ്റാണ്ടുകളിലൂടെ പ്രചരിച്ച പ്രാദേശിക നാടോടിക്കഥകൾക്ക് ഈ വനത്തിനു ചുറ്റും രഹസ്യങ്ങളുടെ ഒരു വലയം തന്നെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്..അവയിൽ ഏറ്റവും പ്രചാരമുള്ളതാണ് ഒരു പെൺകുട്ടി കാട്ടിലേക്ക് അപ്രത്യക്ഷയാകുകയും അഞ്ചു വർഷത്തിന് ശേഷം, എന്താണു സംഭവിച്ചതെന്നു പോലും ഓർമിക്കാനാവാതെ മടങ്ങിയെത്തുകയും ചെയ്ത കഥ. മറ്റൊരു കഥയിൽ ഒരു ഇടയനും ആട്ടിൻകൂട്ടവും കാട്ടിൽ അപ്രത്യക്ഷമായെന്നും പറയപ്പെടുന്നു.അടുത്തകാലത്ത് കാട്ടിലൂടെ സഞ്ചരിക്കുന്നവർക്ക് ശരീരമാകെ തിണർപ്പ്, മനംപുരട്ടൽ, അമിത ഉത്കണ്ഠ തുടങ്ങിയവ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ‘ട്രാൻസിൽവാനിയയുടെ ബെർമുഡ ട്രയാംഗിൾ’ എന്നറിയപ്പെടുന്ന ഈ വനവും അതിലെ വളഞ്ഞ വൃക്ഷങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള കെട്ടുകഥകളും എല്ലാം ഭീതിദമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നുവെങ്കിലും ചിലർക്കെങ്കിലും അസ്വാഭാവികതകൾ ഒന്നും തന്നെ ഇല്ലാതെ, ശാന്തമായി നടന്ന് ആസ്വദിക്കാൻ പറ്റുന്നത്ര മനോഹരമായ ഒരു കാട് മാത്രമാണ് ഹോയ -ബാസിയു .

ഇസ്‌ലാ ഡി ലാസ് മുനെകാസ് (പാവകളുടെ ദ്വീപ്), മെക്സിക്കോ

മെക്സിക്കോ സിറ്റിയുടെ തൊട്ടു തെക്ക്, സോചിമിക്കോയിലെ കനാലുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ചെറിയ ദ്വീപാണ് ഇസ്‌ലാ ഡെ ലാസ് മുനെകാസ്. ഒരു പാവപ്പെട്ട പെൺകുട്ടിയുടെ ആത്മാവിനായി സമർപ്പിക്കപ്പെട്ട ഈ ദ്വീപിനടുത്തായി ആയിരിക്കണക്കിനാളുകൾ താമസിക്കുന്നുണ്ടെങ്കിലും ഈ ചെറിയ ദ്വീപിൽ ഭയപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. നൂറുകണക്കിന് പാവകളെ തൂക്കിയിട്ടിരിക്കുന്ന മരങ്ങൾ പേടിപ്പെടുത്തുന്ന ഒരു ദൃശ്യം തന്നെയാണ്. അവയിൽ പലതിന്റെയും തലയോ കൈകാലുകളോ നഷ്ടപ്പെട്ടിട്ടുണ്ട്. മരങ്ങളിൽ തൂങ്ങിക്കിടക്കുന്നതും പുല്ലുകൾക്കിടയിൽ ചിതറിക്കിടക്കുന്നുതമായ പാവകൾ ഒരു ഹൊറർ സിനിമയിലെ രംഗം പോലെ തോന്നിപ്പിക്കും.

ഭൻഗഡ് കോട്ട, ഇന്ത്യ

ഭീതിപ്പെടുന്ന ധാരാളം കഥകളുടെ കേന്ദ്രമാണ് രാജസ്ഥാനിലെ ഭൻഗഡ് കോട്ട. പ്രസിദ്ധമായ സരിസ്‌ക ടൈഗർ റിസർവിനോട് ചേർന്നുള്ള ഈ കോട്ട ദില്ലിയിൽ നിന്ന് 220 കിലോമീറ്റർ അകലെയാണ്. പതിനേഴാം നൂറ്റാണ്ടിലാണ് ഈ കോട്ട പണിതത് . കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി ,നിരവധി പ്രേതങ്ങളെയും സമാനമായ അസാധാരണ സംഭവങ്ങളെയും ഇവിടെ കണ്ടു എന്നാണ് പറയപ്പെടുന്നത്. ജനവാസ പ്രദേശങ്ങൾ കോട്ടയിൽനിന്ന് കുറച്ച് അകലെയാണ്. ആളുകൾ അത്രയേറെ ഭയപ്പെടുന്ന ഈ കോട്ടയിലേക്ക് സൂര്യോദയത്തിനു ശേഷം ആളുകളെ പ്രവേശിപ്പിക്കുന്നതും താമസിപ്പിക്കുന്നതും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കർശനമായി വിലക്കിയിട്ടുണ്ട് . എ ഡി 1573 ൽ കച്‌വാഹയിൽ നിന്നുള്ള ഭരണാധികാരി രാജാ ഭഗവന്ത് ദാസാണ് ഭൻഗഡ് കോട്ട പണിതത്. അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ മൻ സിങ് അക്ബർ ചക്രവർത്തിയുടെ കീഴിൽ പ്രശസ്തനായ ഒരു ജനറലായിരുന്നു. അക്ബറിന്റെ സദസ്സിലെ നവരത്നങ്ങളിൽ ഒരാളായി അദ്ദേഹം അറിയപ്പെട്ടു. ഭഗവന്ത് ദാസ് തന്റെ മകൻ മാധോ സിങിനായി ഭൻഗഡ് കോട്ട പണിതു. അച്ഛനെയും അമ്മാവനെയും പോലെ നിരവധി യുദ്ധങ്ങളിൽ മാധോ സിങും പോരാടി. അദ്ദേഹത്തിന്റെ നിര്യാണനുശേഷം അദ്ദേഹത്തിന്റെ മകൻ ചത്ർ സിങ് അടുത്ത ഭരണാധികാരിയായി. 1783 ലെ ക്ഷാമം മൂലം നഗരം വിജനമായിത്തീരുകയും കോട്ട ഉൾപ്പെടയുള്ള സ്ഥലങ്ങൾ നശിക്കുകയും ചെയ്തു എന്നാണ് ചരിത്രം.

You may have missed