ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കിയിൽ ഇന്ത്യക്ക് തകർപ്പൻ ജയം
ചെന്നൈ: ഇന്ത്യയുടെ ഗോള്‍വര്‍ഷത്തില്‍ ചൈനയുടെ പ്രതിരോധ വന്‍മതിലുകള്‍ തകര്‍ന്നു. ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കിയില്‍ വമ്പന്‍ജയത്തോടെ ഇന്ത്യ അരങ്ങേറി. ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന റാങ്കുകാരായ ലോക നാലാം നമ്പര്‍ ഇന്ത്യ 6-2 ന് ചൈനയെ തകര്‍ത്തു. ഇന്ത്യയെക്കാള്‍ 25 റാങ്ക് പിന്നിലാണ് ചൈന. അഞ്ച്, എട്ട് മിനിറ്റുകളില്‍ ഹര്‍മന്‍പ്രീത് സിംഗും 15-ാം മിനിറ്റിൽ സുഖ്ജീത് സിംഗും 19, 30 മിനിറ്റുകളില്‍ വരുണ്‍കുമാറും പെനാല്‍ട്ടി കോര്‍ണറുകള്‍ ലക്ഷ്യത്തിലെത്തിച്ചു. പതിനേഴാം മിനിറ്റില്‍ ആകാശ്ദീപ് സിംഗ് ഫീല്‍ഡ് ഗോള്‍ നേടി. രണ്ടാം ക്വാര്‍ട്ടറിലാണ് ചൈന രണ്ടു ഗോള്‍ മടക്കിയത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ തെക്കന്‍ കൊറിയ 2-1 ന് ജപ്പാനെ തോല്‍പിച്ചു. മൂന്നും ഫീല്‍ഡ് ഗോളുകളായിരുന്നു. ആറാം മിനിറ്റില്‍ റിയോമ ഊകയിലൂടെ ജപ്പാന്‍ ലീഡ് നേടിയെങ്കിലും രണ്ടാം ക്വാര്‍ട്ടറില്‍ ഇരട്ട ഗോളുമായി കൊറിയ തിരിച്ചടിച്ചു. പഴയ പ്രതാപം വീണ്ടെടുക്കാമെന്ന പ്രതീക്ഷയുമായി അതിര്‍ത്തി കടന്നെത്തിയ പാക്കിസ്ഥാനെ 3-1 ന് മലേഷ്യ തകര്‍ത്തു. 28, 29 മിനിറ്റുകളില്‍ അസ്ഹരി ഫിര്‍ഹാനും 44ാം മിനിറ്റില്‍ സില്‍വീരിയസ് ഷെല്ലോയും ഫീല്‍ഡ് ഗോളുകളിലൂടെ മലേഷ്യന്‍ ആധിപത്യം ഉറപ്പിച്ചു. കളി തീരാന്‍ അഞ്ച് മിനിറ്റ് ശേഷിക്കെ അബ്ദുറഹമാനാണ് ഫീല്‍ഡ് ഗോളിലൂടെ പാക്കിസ്ഥാന് നേരിയ ആശ്വാസം പകര്‍ന്നത്.