November 28, 2024, 2:23 am

അടിമുടി മാറും; സ്മാർട്ട് ഫോണുകൾക്കുള്ളിൽ ഇനി എഐ യും

ഐഫോണ്‍ നിര്‍മാതാവായ ആപ്പിള്‍ കമ്പനി നിർമിതബുദ്ധിയെ (എഐ) എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന കാര്യം ഇനിയും തീരുമാനിച്ചിട്ടില്ല. എന്നാല്‍, അവരുടെ എതിരാളിയായ ഗൂഗിള്‍ തങ്ങളുടെ സ്മാര്‍ട്ഫോണ്‍ ഒഎസിന്റെ പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 14 പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. അതിൽ അനവധി എഐ ഫീച്ചറുകള്‍ ഉണ്ടെന്നാണ് വിവരം. അതിവേഗം ജനപ്രീതിയാര്‍ജ്ജിച്ച ചാറ്റ്ജിപിറ്റി, ബാര്‍ഡ് തുടങ്ങിയ എഐ സംവിധാനങ്ങളില്‍ കണ്ടതിനു സമാനമായ ഫീച്ചറുകളുള്ള ആന്‍ഡ്രോയിഡ് 14 സ്മാര്‍ട്ഫോണുകൾ ഉപയോഗിക്കുന്ന രീതിയില്‍ വിപ്ലവകരമായ മാറ്റം തന്നെ കൊണ്ടുവന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ജനറേറ്റീവ് എഐ ആന്‍ഡ്രോയിഡിലെത്തിക്കാന്‍ ഉറച്ച് ഗൂഗിള്‍

ലാംഗ്വേജ് മോഡലുകളില്‍ ജനറേറ്റിവ് എഐ കൊണ്ടുവന്നിരിക്കുന്ന മാറ്റം ഏറെ ഗുണകരമാണെന്നാണ് വിലയിരുത്തല്‍. ഇത് സ്മാര്‍ട്​ഫോണ്‍ ഒഎസിലേക്ക് പകരാനുള്ള തീരുമാനത്തിലാണ് ഗൂഗിള്‍. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് പുറത്തിറക്കിയ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ നിന്നാണ് ഈ വിവരങ്ങള്‍ പുറത്തെത്തിയിരിക്കുന്നത്. ഇത് ടെക്‌നോളജി പ്രേമികളില്‍ ഉദ്വേഗം വളര്‍ത്തിയിരിക്കുന്നു. അതേസമയം, എഐയുടെ മുഴുവന്‍ സാധ്യതകളും ആന്‍ഡ്രോയിഡ് 14ല്‍ കൊണ്ടുവന്നേക്കില്ല.ഇപ്പോള്‍ ഗൂഗിള്‍ ബാര്‍ഡില്‍നിന്നു ലഭിക്കുന്ന സേവനങ്ങള്‍ കുറച്ചുകൂടെ വ്യക്തിപരമാക്കുന്ന രീതിയായിരിക്കും എത്തുക എന്നാണ് കരുതുന്നത്. അതായത്, ഒരാളുടെ സ്മാര്‍ട്​ഫോണ്‍ ഉപയോഗം നിരീക്ഷിച്ച ശേഷം അയാളുടെ ആവശ്യങ്ങള്‍ മനസിലാക്കി, അയാള്‍ പ്രതീക്ഷിക്കുന്ന രീതിയിലുള്ള നിര്‍ദ്ദേശങ്ങളും പ്രതികരണങ്ങളും നടപടികളും നിര്‍ദ്ദേശിക്കുന്ന രീതിയായിരിക്കും ആന്‍ഡ്രോയിഡ് 14ല്‍ കാണാനാകുക എന്നു കരുതുന്നു. ഗൂഗിള്‍ ബാര്‍ഡിനെ വെര്‍ച്വല്‍ അസിസ്റ്റന്റ് എന്ന പദവിയിലേക്കെത്തിക്കാനും ശ്രമമുണ്ടായേക്കും. ഇന്റര്‍നെറ്റ് സേര്‍ച്ച് രീതി പോയ ശേഷം വെര്‍ച്വല്‍ അസിസ്റ്റന്റിന്റെ കടന്നുവരവിന് തുടക്കമിട്ടേക്കാവുന്ന നീക്കങ്ങളിലൊന്നായും ഇതിനെ കാണുന്നു. ഏതു കമ്പനിയുടെ വെര്‍ച്വല്‍ അസിസ്റ്റന്റ് ആണോ ഉപയോക്താക്കള്‍ക്ക് സ്വീകാര്യമാകുന്നത്, ആ കമ്പനിക്ക് ടെക്‌നോളജി മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള സാധ്യത പോലും തുറന്നിരിക്കുകയാണിപ്പോള്‍.അതേസമയം, ആപ്പിള്‍ എഐ ഉള്‍പ്പെടുത്താന്‍ സമയമെടുക്കുന്നത് അതിന്റെ നൈതികമായ പ്രശ്‌നങ്ങള്‍ കൂടെ കണക്കിലെടുത്താകാമെന്നും കരുതപ്പെടുന്നു. എഐ സ്മാര്‍ട്ഫോണ്‍ ഒഎസിലേക്കും എത്തുമ്പോള്‍ അത് സ്വകാര്യതയ്ക്ക് ഭീഷണിയായേക്കാം. വ്യക്തികളുടെ സ്വകാര്യതയെ മാനിക്കുന്ന കാര്യത്തിൽ കുപ്രസിദ്ധിയാര്‍ജിച്ച കമ്പനിയായി പല ടെക്‌നോളജി വിദഗ്ധരും ഗൂഗിളിനെ കാണുന്നു. എഐ വരുന്നതോടെ, നൈതികവും സ്വകാര്യതയെ സംബന്ധിച്ചതുമായ ഒട്ടനവധി പുതിയ പ്രശ്‌നങ്ങള്‍ വന്നേക്കാം എന്ന കാര്യം ഗൂഗിളും സമ്മതിക്കുന്നു. അതിനായി ആന്‍ഡ്രോയിഡിന്റെ പ്രൈവസി ഡാഷ്‌ബോര്‍ഡില്‍ പുതിയ പെര്‍മിഷന്‍ കൺട്രോളുകൾ ഉള്‍പ്പെടുത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. വ്യക്തിയുടെ താൽപര്യങ്ങള്‍ അറിഞ്ഞുള്ള സേവനങ്ങള്‍ നല്‍കുന്നതും സ്വകാര്യതയെ മാനിക്കുന്നതും തമ്മില്‍ സന്തുലിതമാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഗൂഗിള്‍ പറയുന്നു. പക്ഷേ ഇത് എങ്ങനെ പ്രായോഗികമാക്കുമെന്നതില്‍ സംശയങ്ങളും ഉണ്ട്.

ഡവലപ്പര്‍മാര്‍ക്ക് പുതിയ വാതില്‍ തുറന്ന് ആന്‍ഡ്രോയിഡ് 14

ആന്‍ഡ്രോയിഡ് 14 ല്‍ ബാര്‍ഡ് എഐയുടെ ശേഷി കൂടി പ്രവേശിപ്പിക്കുന്നതോടെ ആപ് ഡവലപ്പര്‍മാര്‍ക്കു മുന്നില്‍ പുതിയ ചക്രവാളം തുറക്കുകയാണ്. കൂടുതല്‍ മികവും സൂക്ഷ്മതയുമുള്ള ആപ്പുകള്‍ വികസിപ്പിക്കാന്‍ ഇത് അവരെ സഹായിക്കും. ഗെയിമിങ്മുതല്‍ എന്റർടെയ്ൻമെന്റ് വരെ ഒട്ടേറെ വിഭാഗങ്ങളില്‍ ഇതിന്റെ പ്രഭാവം കാണാന്‍ സാധിക്കും. ഇതിനു പുറമെ, സ്മാര്‍ട് വാച്ചുകളിലും എഐ എത്തിയേക്കും.
അതേസമയം, ഒഎസില്‍ എഐയെ ഉള്‍ക്കൊള്ളിക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചത് പുതിയ സാധ്യതകളും വെല്ലുവിളികളും ഉയര്‍ത്തുന്നു. എന്തായാലും, ആന്‍ഡ്രോയിഡ് 14 ഉള്ള ഫോണുകളായിരിക്കും ആദ്യമായി ഇന്റലിജന്റ് കംപാനിയന്‍ എന്ന പേരിന് അര്‍ഹമായ ഉപകരണങ്ങള്‍ എന്നാണ് പ്രവചിക്കപ്പെടുന്നത്. എഐ നയിക്കുന്ന ലോകത്തേക്കുള്ള കരുത്തുറ്റ ചുവടുവയ്പ്പായാണ് ഇതിനെ കാണുന്നത്. ഇത് ലോകത്തെ എങ്ങോട്ടു നയിക്കും എന്ന കാര്യത്തില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കും.

3ഡി ടൂളുകള്‍ കൂട്ടായി വികസിപ്പിക്കാന്‍ ആപ്പിളും അഡോബിയും

നമ്മള്‍ കാണുന്ന ലോകം ത്രിമാനമാണ്. എന്നാല്‍, സ്മാര്‍ട് ഉപകരണങ്ങളിലും സിനിമയിലുമെല്ലാം പൊതുവെ ദ്വിമാനത മാത്രമാണ് ഉള്ളത്. ത്രിമാനത കൊണ്ടുവരാന്‍ ഇതുവരെ നടത്തിയ ശ്രമങ്ങളൊന്നും കാര്യമായ ശ്രദ്ധ പിടിച്ചുപറ്റിയില്ലെന്നു കാണാം. ഈ പശ്ചാത്തലത്തില്‍ വേണം അഡോബി, പിക്‌സാര്‍, ആപ്പിള്‍, ഓട്ടോഡെസ്‌ക്, എന്‍വിഡിയ എന്നീ കമ്പനികള്‍ ചേര്‍ന്ന് പ്രഖ്യാപിച്ചിരിക്കുന്ന പുതിയ കൂട്ടുകെട്ടിനെപ്പറ്റി അറിയാന്‍. ഓപ്പണ്‍യുഎസ്ഡി 3ഡി ഫോര്‍മാറ്റ് എന്നാണ് ഈ കമ്പനികള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ടെക്‌നോളജിയെ വിളിക്കുന്നത്. ലിനക്‌സ് ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജോയിന്റ് ഡവലപ്‌മെന്റ് ഫൗണ്ടേഷന്റെ കീഴിലാണ് ഈ ടെക്‌നോളജി ഭീമന്മാര്‍ ഒരുമിക്കുന്നത്. ഓപ്പണ്‍ യൂണിവേഴ്‌സല്‍ സീന്‍ ഡിസ്‌ക്രിപ്ഷന്‍ എന്ന വിവരണത്തോടെ ആയിരിക്കും സഖ്യം പ്രവര്‍ത്തിക്കുക.

You may have missed