സഞ്ചാരികള്‍ക്ക് പ്രവേശനമില്ലാത്ത കൊടുമുടി
സാഹസിക സഞ്ചാരികള്‍ക്ക് എക്കാലത്തും ഏറെ പ്രിയപ്പെട്ടതാണ് ബുദ്ധന്‍റെ ജന്മഭൂമിയായ നേപ്പാള്‍. ചരിത്രവും സംസ്കാരവും ഇഴചേരുന്ന ഒട്ടേറെ നിര്‍മ്മിതികളും പ്രകൃതിഭംഗിയുമെല്ലാം നേപ്പാളിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ചില കാര്യങ്ങളാണ്. നേപ്പാളിന്‍റെ ഒട്ടുമിക്ക ഭാഗങ്ങളിലും വിനോദസഞ്ചാരം സജീവമാണ്, എന്നാല്‍ ഇന്നും മനുഷ്യരുടെ കാല്‍പ്പാടുകള്‍ പതിയാത്ത ഒട്ടേറെ നിഗൂഡമായ ഇടങ്ങള്‍ ഇവിടെയുണ്ട്. അത്തരത്തിലുള്ള ഒരു സ്ഥലമാണ് മച്ചാപുച്ചാരെ കൊടുമുടി.നേപ്പാളിലെ ഗണ്ഡകി പ്രവിശ്യയില്‍, അന്നപൂർണ വന്യജീവി സങ്കേതത്തിന്‍റെ കിഴക്കൻ അതിർത്തിയായ അന്നപൂർണ മാസിഫിൽ സ്ഥിതി ചെയ്യുന്ന ഒരു പർവതമാണ് മച്ചാപുച്ചാരെ. പൊഖാറയില്‍ നിന്നും ഏകദേശം 25 കിലോമീറ്റർ വടക്കായാണ് 6,993 മീറ്റർ ഉയരമുള്ള ഈ കൊടുമുടി. പരിസരപ്രദേശങ്ങളില്‍ ധാരാളം ട്രെക്കിംഗ് പാതകള്‍ ഉണ്ടെങ്കിലും മച്ചാപുച്ചാരെയുടെ കൊടുമുടിയില്‍ ഇന്നുവരെ ആര്‍ക്കും എത്താനായിട്ടില്ല.
വലിയ ഒരു മത്സ്യത്തിന്‍റെ വാലിനോട് സാമ്യമുണ്ട്, കൊടുമുടിയ്ക്ക്. ഗണ്ഡകി പ്രവിശ്യയിലെ കുന്നുകളിലും മലകളിലും ജീവിക്കുന്ന ഗോത്രവര്‍ഗ്ഗമായ ഗുരുങ്ങുകളും തമാങ്, മഗർ, ദമൈ, കാമി, സാർക്കി, ചേത്രി, നെവാർ മുതലായവരുമെല്ലാം ഇത് ഒരു വിശുദ്ധ കൊടുമുടിയായി ആരാധിച്ചുവരുന്നു. ശിവന്‍റെ ഭവനമാണ് ഈ കൊടുമുടിയെന്നും ആളുകള്‍ വിശ്വസിക്കുന്നു. കയറിച്ചെല്ലാന്‍ പറ്റാത്തത്രയും ഉയരത്തിലാണെന്നതും അപകടകരമായ പാതയാണ് ഇവിടേക്കുള്ളത് എന്നതും മാത്രമല്ല, വിശ്വാസികള്‍ പവിത്രമായി കരുതുന്നതും കൂടി കണക്കിലെടുത്ത് പര്‍വ്വതത്തിന്‍റെ കൊടുമുടിയിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്.
മച്ചാപുച്ചാരെയുടെ കൊടുമുടിയില്‍ ഇന്നുവരെ ആരും കയറിയതായി ആര്‍ക്കും അറിവില്ല. 1957-ൽ ലെഫ്റ്റനന്‍റ് കേണൽ ജിമ്മി റോബർട്ട്സിന്‍റെ നേതൃത്വത്തിലുള്ള ഒരു ബ്രിട്ടീഷ് ടീം ഇവിടേക്ക് കയറാന്‍ ശ്രമം നടത്തിയിരുന്നു. പർവതാരോഹകരായ വിൽഫ്രിഡ് നോയ്‌സും എഡിഎം കോക്സും ഏകദേശം 6,947 മീറ്റര്‍ ഉയരംവരെ കയറിച്ചെന്നു. എന്നാല്‍ അന്നത്തെ നേപ്പാള്‍ രാജാവ് മഹേന്ദ്ര ബിർ ബിക്രം ഷാ ദേവിന് നൽകിയ വാക്ക് പാലിച്ച്, നോയ്‌സും സംഘവും പര്‍വ്വതത്തിന്‍റെ കൊടുമുടിയിൽ കയറാതെ ഇറങ്ങിപ്പോന്നു. 1980-കളുടെ തുടക്കത്തിൽ ന്യൂസിലൻഡ് പർവതാരോഹകനായ ബിൽ ഡെൻസ് ഇതിന്‍റെ മുകളില്‍ എത്താനുള്ള ശ്രമം നടത്തിയതായി പറയുന്നുണ്ടെങ്കിലും ഇതിനു തെളിവുകളൊന്നുമില്ല.സന്ദര്‍ശകര്‍ക്ക് പര്‍വ്വതത്തിന്‍റെ മറ്റു ഭാഗങ്ങളിലൂടെ ട്രെക്കിംഗ് നടത്താം. പൊഖാറയ്ക്കടുത്തുള്ള കാസ്കി ജില്ലയില്‍ നിന്നും മച്ചാപുച്ചാരെ മോഡൽ ട്രെക്ക് ആരംഭിക്കുന്നു. ഈ റൂട്ടിലൂടെ പോകുമ്പോള്‍ മഞ്ഞുമൂടിയ മാർഡി പർവ്വതം, അന്നപൂർണ ഹിമാലയൻ പർവതനിരകൾ എന്നിവയുടെയെല്ലാം മനോഹരമായ കാഴ്ച കാണാം.നേപ്പാളിന്‍റെ ദേശീയ പുഷ്പമായ റോഡോഡെൻഡ്രോണുകള്‍ നിറഞ്ഞ താഴ്വരകളും ഓക്ക് മരങ്ങളും ഗുഹകളും വെള്ളച്ചാട്ടങ്ങളും വന്യജീവികളുമെല്ലാം നിറഞ്ഞ വനപ്രദേശങ്ങളുമെല്ലാം സഞ്ചാരികള്‍ക്ക് കണ്ണിനു കുളിരേകും. പോകുംവഴി, ധിതൽ, ലുവാങ്-ഘലേൽ, റിവാൻ, ഘചൗക്ക്, ലഹാചൗക്ക് തുടങ്ങിയ ഗ്രാമങ്ങളിലെ പ്രാദേശികജനതയുമായി സംസാരിക്കുകയുമാവാം. ഇവിടങ്ങളില്‍ സഞ്ചാരികള്‍ക്കുള്ള താമസകേന്ദ്രങ്ങളും ക്യാമ്പിങ്ങിനുള്ള ടെന്റുകളും ലഭ്യമാണ്. അടുത്തുള്ള അന്നപൂർണ പർവതനിരകളുടെ കൊടുമുടികളിലേക്കും ട്രെക്കിംഗ് നടത്താനെത്തുന്നവര്‍ നിരവധിയാണ്. അടുത്തുള്ള അന്നപൂർണ വന്യജീവി സങ്കേതത്തില്‍ നിന്നാണ് ഈ ട്രെക്കിംഗ് ആരംഭിക്കുന്നത്. കടുത്ത വേനൽക്കാലത്ത് പോലും ഒരു ദിവസം വെറും 7 മണിക്കൂർ മാത്രം സൂര്യപ്രകാശം ലഭിക്കുന്ന കനത്ത കാട്ടിനുള്ളിലൂടെ, ഏകദേശം ഒരാഴ്ച നീളുന്ന ഈ ട്രെക്കിംഗ് റൂട്ടും ഏറെ ജനപ്രിയമാണ്.
മാർച്ച് മുതൽ മെയ് ആദ്യം വരെയുള്ള വസന്തകാലവും സെപ്റ്റംബർ മുതല്‍ നവംബർ വരെയുള്ള ശരത്കാലവുമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ലത്. വസന്തകാലത്ത് പൂത്തുനില്‍ക്കുന്ന റോഡോഡെൻഡ്രോണുകള്‍ താഴ്വരകളുടെ പച്ചപ്പിനിടയിലൂടെ തീനാളം പോലെ ഉയര്‍ന്നുനില്‍ക്കുന്ന കാഴ്ച അതിമനോഹരമാണ്. മെയ് മുതൽ സെപ്തംബർ വരെയുള്ള മണ്‍സൂണ്‍ കാലം ഒഴിവാക്കുന്നതാണ് നല്ലത്.