ഓസ്‌ട്രേലിയന്‍ തീരത്തെ നിഗൂഢതകൾ നിറഞ്ഞ പിങ്ക് തടാകം
സാധാരണയായി തടാകങ്ങളിലെയും കുളത്തിലെയും പുഴകളിലെയും വെള്ളം തെളിഞ്ഞായിരിക്കും ഉണ്ടാകുക. കണ്ണാടിച്ചില്ല് പോലെയുള്ള വെള്ളം എന്നാണ് പലപ്പോഴും നാം അവയെ സംബന്ധിച്ച് പറയാറുള്ളത്. എന്നാൽ കളറ് മാറി മുഴുവനും പിങ്കായി മാറിയ ഒരു തടാകമുണ്ട് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ തീരത്തെ റിച്ചേര്‍ച്ച് ആര്‍ച്ചിപെലെഗൊ ദ്വീപസമൂഹത്തിലെ മിഡില്‍ ഐലന്റിലാണ് ഈ പിങ്ക് തടാകമുള്ളത്. പറയുന്നത് പോലെത്തന്നെ മൊത്തം പിങ്ക് നിറമാണ് ഈ തടാകത്തിന്. പിങ്ക് തടാകത്തിന്റെ ഈ പിങ്ക് രഹസ്യം തേടി ഗവേഷക ലോകം ഇപ്പോഴും പഠനം തുടരുകയാണ്. എന്തൊക്കെയായിട്ടും ഇത് വരെ അതിനുള്ള ഉത്തരം കണ്ടെത്തിയിട്ടില്ല എന്ന് വേണം പറയാൻ.
പിങ്ക് തടാകത്തെ ആദ്യമായി പരിചയപ്പെടുത്തിയത്
ഈ ചെറിയ പിങ്ക് തടാകത്തിന്റെ നീളം കേവലം 600 മീറ്റര്‍ മാത്രമാണ്. 1802 ല്‍ ബ്രിട്ടീഷ് സഞ്ചാരിയായ മാത്യു ഫ്‌ലിന്റേഴ്‌സാണ് പിങ്ക് തടാകത്തെ ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തുന്നത്. പിന്നീട് ചില ഗവേഷകര്‍ തടാകത്തിന്റെ നിറത്തെ കുറിച്ച് പഠനം നടത്തിയെങ്കിലും വ്യക്തമായ നിഗമനത്തില്‍ എത്താന്‍ അവർക്കാർക്കും സാധിച്ചിട്ടില്ല. തടാകത്തിലെ ചില ബാക്ടീരിയകളുടെയും ആല്‍ഗകളുടെയും സാന്നിധ്യമാണ് പിങ്ക് നിറത്തിന് കാരണമെന്നാണ് ചിലര്‍ പറയുന്നത്. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
തടാകത്തിലിറങ്ങി കുളിച്ചാൽ…
കടല്‍ ജലത്തിലേക്കാള്‍ ഏഴിരട്ടി ഉപ്പുരസമുള്ളതാണ് ഈ തടാകത്തിലെ വെള്ളം. നിറവ്യത്യാസമല്ലാതെ മനുഷ്യന് യാതൊരു ദോഷവും പിങ്ക് തടാകം സൃഷ്ടിക്കുന്നില്ല എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. ഈ തടാകത്തില്‍ ഇറങ്ങിയാലോ കുളിച്ചാലോ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇവിടെയെത്തുന്ന സഞ്ചാരികളില്‍ ചിലര്‍ പിങ്ക് തടാകത്തിലെ വെള്ളം കുപ്പികളിലാക്കി കൊണ്ടുപോകാറുമുണ്ട്.