പാലപ്പെട്ടി കുണ്ടിച്ചിറയിൽ അപകട കെണി തീർത്ത് റോഡിൽ പെരുംങ്കുഴി
മനുഷ്യജീവന് വില കൽപ്പിക്കാത്ത PWD അധികൃതർക്കെതിരെ വെൽഫയർ പാർട്ടി പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റിയാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്.
ദിനം പ്രതി ആയിരങ്ങൾ യാത്ര ചെയ്യുന്ന പെരുമ്പടപ്പ് പാറ – പാലപ്പെട്ടി റോഡിൽ കുണ്ടിച്ചിറ അപ്രോച്ച് റോഡിലാണ് മാസങ്ങളായി കാണപ്പെടുന്ന അപകട കെണി വൻ ഭീഷണിയായി മാറിയിട്ടുള്ളത്.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആശുപത്രികളിലേക്കും തീർത്ഥാടന കേന്ദ്രങ്ങളിലേക്കും ദിവസവും നിരവധി പേരാണ് ഇതു വഴി യാത്ര ചെയ്യുന്നത്.
ഇത്തരം യാത്രക്കാരുടെ നട്ടെല്ല് പൊട്ടും വിധമുള്ള ഈ വൻ കുഴി മാസങ്ങൾ പിന്നിട്ടിട്ടും പരിഹരിക്കാത്ത പൊന്നാനി PWD റോഡ്സ് ആൻ്റ് ബ്രിഡ്ജസ് വിഭാഗത്തിൻ്റെ നിലപാടിനെതിരെ പ്രത്യക്ഷ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുവാൻ ഒരുങ്ങുകയാണ് വെൽഫയർ പാർടി .
നിലവിലുള്ള കുഴി ദിവസം കഴിയുന്തോറും വലുതായി മറ്റു ഭാഗങ്ങളിലേക്ക് വിള്ളലുകളും ഇടിവും സംഭവിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ.
ആധുനിക കാലഘട്ടത്തിൽ എല്ലാ മേഖലകളിലും വൻ മുന്നേറ്റം നടന്നു കൊണ്ടിരിക്കുമ്പോഴും പൊന്നാനി PWD അധികൃതരുടെ പഴഞ്ചൻ നിലപാടിൽ മാറ്റം ഇല്ലാത്തതാണ് റോഡുകളിലും പാലങ്ങളിലും അപകട കെണികൾ രൂപപ്പെടുവാനും പരിഹരിക്കാതെ ഭീഷണിയായി നില നിൽക്കാനും കാരണമായിട്ടുള്ളത്.
പ്രശ്നത്തിന് ഉടനടി പരിഹാരം കാണണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രത്യക്ഷ സമര പരിപാടികളുടെ മുന്നോടിയായി അധികൃതർക്ക് നിവേദനം നൽകി.
വെൽഫെയർ പാർട്ടി പെരുമ്പടപ്പ് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് എ കെ കാസിമിൻ്റെ നേതൃത്വത്തിൽ PWD റോഡ്സ്&ബ്രിഡ്ജസ് വിഭാഗം അസിസ്റ്റൻ്റ് എക്സിക്യൂട്ടിവ് എഞ്ചിനിയർ വിനോദ് കുമാറിനാണ് നിവേദനം നൽകിയത്.
നിവേദക സംഘത്തിൽ സംഘടനയുടെ സെക്രട്ടറി കബീർ പേങ്ങാട്ടയിൽ, വൈസ് പ്രസിഡണ്ട് നൗഷാദ് യാഹു, കമ്മറ്റി അംഗങ്ങളായ മജീദ് പുളിഞ്ചോട്ടിൽ, മുസ്തഫKV,ഹുസ്സയിൽ കോർമത്ത് എന്നിവരുമുണ്ടായിരുന്നു