കോടിക്ക് കുറവ് വെറും ഒന്ന്! ഉനകോട്ടി മുഴുവൻ നിറഞ്ഞു നിൽക്കുന്ന കല്ലിൽ കൊത്തിയ ശില്പങ്ങൾ, മാറാത്ത നിഗൂഢത
അത്ഭുതങ്ങൾ തിരഞ്ഞു യാത്ര ചെയ്യുന്നവരെ ഒരിക്കലും നിരാശരാക്കാത്ത ഇടങ്ങളിലൊന്നാണ് ത്രിപുരയിലെ ഉനകോട്ടി. ചരിത്രമാണോ വിശ്വാസങ്ങളാണോ ഇവിടെയുള്ളതെന്നു ചോദിച്ചാൽ ഉത്തരം പറയാനിത്തിരി ആലോചിക്കേണ്ടി വരും. കണ്ണെത്തുന്നിടത്തെല്ലാം കൊത്തിവെച്ചിരിക്കുന്ന ശിവന്‍റെയും മറ്റു ദൈവങ്ങളുടെയും വ്യത്യസ്തങ്ങളായ രൂപങ്ങളാണിവിടെ കാണാനുള്ളത്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സ്ഥലത്ത് ഇങ്ങനെയൊരു കാഴ്ച കാണുമ്പോൾ ആരാണെങ്കിലും അത്ഭുതപ്പെട്ടു പോകും.
നൂറ്റാണ്ടുകൾ പഴക്കമുള്ള അത്ഭുതമെന്നു കണക്കാക്കുന്ന ഉനകോട്ടി അറിയപ്പെടുന്നത് തന്നെ ‘വടക്കു കിഴക്കൻ ഇന്ത്യയുടെ അംഗോർ വാട്ട്’ എന്നാണ്. കംബോഡിയയിലെ അംഗോർവാട്ടിന്‍റെ അതേ രൂപത്തിൽ വിന്യസിച്ചിരിക്കുന്ന വിചിത്രമായ രൂപങ്ങൾ ആണിവിടെയെങ്ങും കാണാനുള്ളത്. ശിവന്‍റെ തീർത്ഥാടന കേന്ദ്രമായി മാറിയ ഉനകോട്ടിയുടെ കഥകളും ഐതിഹ്യങ്ങളും ഇവിടുത്തെ കാഴ്ചകൾ പോലെ തന്നെ അത്ഭുതപ്പെടുത്തുന്നവയാണ്. ഉനകോട്ടി എന്നത് ബംഗാളി ഭാഷയിലെ ഒരു വാക്കാണ്. ഒരു കോടിക്ക് ഒന്ന് കുറവ് അഥവാ 99,99,999 എണ്ണം എന്നാണ് ഉനകോട്ടി എന്ന വാക്കിനർത്ഥം. ഈ അർത്ഥം മനസ്സില്‍ വെച്ച് ഇവിടുത്തെ കാഴ്ചകളിലേക്കൊന്നു കണ്ണോടിച്ചാൽ എങ്ങനെ ആ പേര് വന്നെന്നു മനസ്സിലാക്കാം. ഇവിടെ നിറഞ്ഞു നിൽക്കുന്ന ദേവന്മാരുടെയും ദേവിമാരുടെയും രൂപങ്ങളുടെ എണ്ണമാണ് ഉനകോട്ടിയെന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് കരുതുന്നത്. ഉനകോട്ടിയിൽ നിങ്ങൾ എവിടേക്ക് തിരിഞ്ഞാലും കല്ലിൽ കൊത്തിയ ഒരു രൂപമെങ്കിലും കാണും.
ത്രിപുരയിലെ കൈലാഷഹർ സബ്ഡിവിഷനിൽ ഉനകോട്ടി ജില്ലയിലാണ് വിസ്മയിപ്പിക്കുന്ന ഈ പ്രദേശമുള്ളത്. ഇവിടുത്തെ രഘുനന്ദൻ മലനിരകളിലെ കുന്നിൻ മുകളിലാണ് ഈ ശിൽപങ്ങൾ കൊത്തിയിരിക്കുന്നത്. അധികം സന്ദർശകർ എത്തിച്ചേരാത്ത പ്രദേശമാണെങ്കിലും ഇവിടെ വരുന്നവരെ ഒരിക്കലും നിരാശപ്പെടുത്താത്ത കാഴ്ചകൾ ഉണ്ടെന്ന് കാര്യത്തിൽ സംശയമില്ല.
എത്ര രൂപങ്ങൾ കാണാം?
പേരുപോലെ തന്നെ കല്ലിൽ കൊത്തിയിരിക്കുന്ന 99,99,999 രൂപങ്ങൾ ഇവിടെ കാണാൻ സാധിക്കുമെന്നാണ് പറയപ്പെടുന്നത്. ഏഴ്- പതിമൂന്ന് നൂറ്റാണ്ടുകൾക്കിടയിലായി നിർമ്മിക്കപ്പെട്ടതാണ് ഇവിടുത്തെ ഈ ശില്പങ്ങൾ എന്നാണ് ചരിത്രം പറയുന്നത്. തെക്കൻ ഏഷ്യയിലെ തന്നെ അത്ഭുതകരമായ ശില്പങ്ങളും കാഴ്ചകളുമാണ് ചരിത്രപ്രേമികളെ ഇവിടെ കാത്തിരിക്കുന്നത്.
രൂപങ്ങൾക്ക് പിന്നിലെ കഥകൾ
ഒരുപാട് കഥകളും വിശ്വാസങ്ങളും ഉനകോട്ടിയിലെ രൂപങ്ങൾക്ക് പിന്നിലുണ്ട്. ഇതിലെല്ലാം പ്രധാന കഥാപാത്രം ശിവനാണ്. അതിലൊന്ന് ശിവന്റെ ശാപമാണ്. ഒരിക്കൽ കാശിയിലേക്കുള്ള വഴി മധ്യേ ശിവനും അദ്ദേഹത്തിനൊപ്പം 99,99,999 ദേവഗണങ്ങളും ഒരു രാത്രി ഇവിടെ ചെലവഴിച്ചുവത്രെ. എന്നാൽ ഉറങ്ങുന്നതിനു മുൻപ് എല്ലാവരോടും സൂര്യോദയത്തിനു മുന്നേ ഉണരണമെന്ന് ശിവൻ കർശനമായി പറഞ്ഞിരുന്നു. എന്നാൽ ശിവൻ പുലർച്ചെ ഉണർന്നപ്പോൾ മറ്റാരും ഉണർന്നില്ലായിരുന്നു. കോപിഷ്ഠനായ ശിവൻ എല്ലാവരെയും കല്ലായി മാറട്ടെ എന്നു ശപിച്ചുവെന്നും അതിനു ശേഷമാണ് ഉനകോട്ടിക്ക് ആ പേര് ലഭിച്ചതെന്നാണ് വിശ്വാസം.ഇതു കൂടാതെ പ്രദേശവാസികളുടെ ഇടയിൽ മറ്റൊരു കഥയും പ്രചാരത്തിലുണ്ട്. അവർ പറയുന്നതനുസരിച്ച് കല്ലു കുംഹാർ എന്നൊരാളാണത്രെ ഈ കാണുന്ന ശില്പങ്ങളെല്ലാം നിർമ്മിച്ചത്. പാർവ്വതി ദേവിയുടെ വലിയ ഭക്തനായിരുന്ന കല്ലു കുംഹാർ ശിവനം പാർന്നതിക്കുമൊപ്പം അവരുടെ വാസസ്ഥലമായ കൈലാസത്തിലേക്ക് പോകുവാനാഗ്രഹിച്ചു. ശിവന് സമമ്തമല്ലായിരുന്നുവെങ്കിലും പാർവ്വതി ദേവിയുടെ നിർബന്ധത്തിൽ ഒരു നിബന്ധന മുന്നിൽവെച്ച് ശിവൻ സമ്മതിച്ചു. ഒരു രാത്രി കൊണ്ട് ഒരു കോടി ശിവരൂപങ്ങൾ കൊത്തണം എന്നായിരുന്നു അത്. എന്നാൽ പുലര്‌ച്ചെവരെ വിശ്രമമില്ലാതെ പണിയെടുത്തിട്ടും ഒരു കോടിയിൽ ഒന്നു കുറവായിരുന്നു കല്ലു തീര്‍ത്ത ശില്പങ്ങളുടെ എണ്ണം. അങ്ങനെയാണ് ഇവിടെ ഈ രൂപങ്ങൾ വന്നതെന്നാണ് വിശ്വാസം.
ഉനകോട്ടീശ്വര കാൽ ഭൈവരവ
മറ്റൊരിടത്തും കാണുവാൻ സാധിക്കാത്ത തരത്തിലുള്ള രൂപങ്ങളാണ് ഇവിടെയുള്ളത്. പാറയിൽ കൊത്തിയെടുത്ത രൂപങ്ങളും ശിലാചിത്രങ്ങളും ഇവിടെ കാണാം. ഉനകോടീശ്വര കാൽ ഭൈരവ എന്നറിയപ്പെടുന്ന ശിവശിരസ്സാണ് ഇവിടുത്തെ എടുത്തുപറയേണ്ട നിർമ്മിതി. 10 അടി ഉയരമുള്ള ശിരോവസ്ത്രം ഉൾപ്പെടെ ഏകദേശം 30 അടി ഉയരത്തിലാണ് ഇതുള്ളത്. സിംഹത്തിൽ നിൽക്കുന്ന ദുർഗയും മറുവശത്ത് മറ്റൊരു സ്ത്രീ രൂപവും ശിവന്റെ രണ്ടു ഭാഗത്തുമായി കാണാം. ഒപ്പം പാതി മണ്ണില് കുഴിച്ചിട്ട നിലയിലുള്ള മൂന്ന് നന്തി രൂപങ്ങളും ഇവിടെയുണ്ട്.
ഉനകോട്ടിയിൽ എത്തിച്ചേരാൻ
ട്രെയിൻ വഴിയും റോഡ് മാർഗവും ഉനകോട്ടയിൽ വരാം. 19.6 കിലോമീറ്റർ അകലെയുള്ള ധരംനഗർ കുമാർഘട്ട് റെയിൽവേ സ്റ്റേഷനാണ് ഉനകോട്ടിക്ക് അടുത്തുള്ളത്. അഗർത്തലയിൽ നിന്നും ലുംഡിങ് എന്ന സ്ഥലത്തു നിന്നും ഇവിടേക്ക് ട്രെയിനിനു വരാം. അഗർത്തലയിൽ നിന്ന് റോഡ് മാർഗം 178 കിലോമീറ്ററാണ് ദൂരം.