ആം ആദ്മി എംപി സ്വാതിക്കെതിരെ നടന്നത് ക്രൂര മർദനം; പൊലീസ് എഫ്ഐആറിൽ ഗുരുതര വെളിപ്പെടുത്തലുകൾ

ഡല്‍ഹി മുന്‍ വനിത കമ്മീഷൻ ചെയർപേഴ്സണും ആം ആദ്മി പാർട്ടി എംപിയുമായ സ്വാതി മലിവാളിന് എതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രൈവറ്റ് സെക്രട്ടറി ബിഭവ് കുമാർ നടത്തിയ അതിക്രമവുമായി ബന്ധപ്പെട്ട എഫ്ആർ രേഖയിൽ ബിഭവിനെതിരെ ഗുരുതര വെളിപ്പെടുത്തൽ. ബിഭവ് ഏഴോ എട്ടോ തവണ അടിക്കുകയും വയറിലും പുറകിലും ചവിട്ടുകയും ചെയ്തുവെന്ന് ഡൽഹി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പിരിഡ്സ് ആണെന്ന് പറഞ്ഞ ശേഷവും മർദനം തുടർന്നുവെന്നും മൊഴിയിലുണ്ട്.
സ്വാതി മലിവാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. അരവിന്ദ് കെജ്‌രിവാളിൻ്റെ വസതിയിൽ വച്ച് വിഭാവ് ആക്രമിച്ചുവെന്നാണ് പരാതി. മെയ് 13 ന് രാവിലെ 9 മണിയോടെ അരവിന്ദ് കെജ്‌രിവാളിൻ്റെ വീടിൻ്റെ സ്വീകരണമുറിയിലാണ് സംഭവം നടന്നതെന്ന് മുൻ ഡൽഹി വനിതാ കമ്മീഷൻ മേധാവി പറഞ്ഞു. സംഭവം നടക്കുമ്പോൾ ഡൽഹി മുഖ്യമന്ത്രി തൻ്റെ ഔദ്യോഗിക വസതിയിലായിരുന്നുവെന്ന് മലിവാൾ പറഞ്ഞു. അതേസമയം, എഫ്ഐആറിൽ ഇതുവരെ കെജ്‌രിവാളിൻ്റെ പേര് പരാമർശിച്ചിട്ടില്ല.