April 21, 2025, 4:19 am

ക്യാംപസ് പ്രണയം പ്രമേയമാക്കി പരസ്യം; പിന്‍വലിച്ച് നിര്‍മല കോളജ്

പ്രണയം പശ്ചാത്തലമാക്കിയ മുവാറ്റുപുഴ നിർമല കോളജിന്റെ പരസ്യം പിൻവലിച്ചു. വിമർശനം രൂക്ഷമായതോടെയാണ് കോളജ് മാനേജ്‌മെന്റ് പരസ്യം പിൻവലിച്ചത്.കോളജിന്റെ മൂല്യങ്ങള്‍ക്ക് നിരക്കാത്തതെന്നും അന്വേഷണം നടത്തുമെന്നും കോതമംഗലം രൂപതാ കോര്‍പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സി വിശദീകരണക്കുറിപ്പിറക്കി.പുതിയ അധ്യായന വർഷത്തിലെ അഡ്മിഷൻ ക്ഷണിച്ചായിരുന്നു പരസ്യം.

കഴിഞ്ഞദിവസമാണ് കോളജിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പരസ്യ ചിത്രം പ്രത്യക്ഷപ്പെട്ടത്. ക്യാംപസിലെ പഠന, പാഠ്യേതര സൗകര്യങ്ങള്‍ പരിഗണിക്കാത്ത പരസ്യം വിമര്‍ശനത്തിനിടയാക്കി. ഇതോടെയാണ് കോതമംഗലം രൂപതാ കോര്‍പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സി ഇടപെട്ട് പരസ്യം പിന്‍വലിച്ചത്.എന്നാൽ അബദ്ധം സംഭവിച്ചാണ് കോളജിന്റെ സോഷ്യൽ മീഡിയ പേജുകളിലെത്തിയതെന്ന് മാനേജ്‌മെന്റിന്റെ വിശദീകരണം. സ്വകാര്യ പരസ്യ ഏജൻസി വഴിയാണ് പരസ്യം നിർമ്മിച്ചിരുന്നത്.സാമൂഹിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള കോളജിന്റെ എഴുപത് വര്‍ഷത്തെ പാരമ്പര്യത്തിന് പരസ്യം കളങ്കമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.