ഗൂഗിൾ സേർച്ചിൽ സ്വകാര്യ വിവരങ്ങളുണ്ടോ?പരിശോധിക്കുന്നത് ഇങ്ങനെ
സ്വന്തം പേര് ഗൂഗിളിൽ സേർച് ചെയ്തു നോക്കി സെലബ്രിറ്റിയായോയെന്നു നോക്കി നാലാളെ അറിയിക്കുന്ന കാലത്തു നിന്ന് സ്വകാര്യവിവരങ്ങൾ വല്ലതും പരസ്യമായിട്ടുണ്ടോ എന്ന് ആശങ്കയോടെ സേർച് ചെയ്യുന്ന കാലത്തെത്തിയിരിക്കുകയാണ് ഇപ്പോൾ ലോകം. സ്വകാര്യവിവരങ്ങൾ ഗൂഗിൾ സേർച്ചിലുണ്ടെങ്കിൽ അവ നീക്കം ചെയ്യാനും പരിശോധിക്കാനുമുള്ള പുതിയ സംവിധാനം അവതരിപ്പിക്കുകയാണ് ഗൂഗിൾ.നിലവിൽ യുഎസിൽ ലഭ്യമായിട്ടുള്ള സംവിധാനം വൈകാതെ എല്ലാ രാജ്യങ്ങളിലും ലഭ്യമാകും. നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഫോട്ടോയിൽ ക്ലിക്ക് ചെയ്യുമ്പോൾ തെളിയുന്ന ‘റിസൾസ്ട് എബൗട് യു’ ഓപ്ഷനിലാണ് ഗൂഗിളിൽ പരസ്യമായി ലഭ്യമാകുന്ന വിവരങ്ങൾ കാണുക.
പേര്, മൊബൈൽ നമ്പർ, ഇമെയിൽ തുടങ്ങിയ വിവരങ്ങൾ പരസ്യമായിട്ടുണ്ടെങ്കിൽ ഗൂഗിൾ ആപ്പിൽ നോട്ടിഫിക്കേഷനും ലഭിക്കും. സ്വകാര്യവിവരങ്ങളും ചിത്രങ്ങളുമുൾപ്പെടെ പരസ്യമാക്കാനാഗ്രഹിക്കാത്ത വിവരങ്ങൾ ഇതിലുണ്ടെങ്കിൽ അവ നീക്കാൻ ഗൂഗിളിനോട് ആവശ്യപ്പെടാം.
ഉപയോക്താക്കൾക്ക് അവരുടെ സമ്മതമില്ലാതെ പകർത്തിയതോ അല്ലെങ്കിൽ സമ്മതമില്ലാതെ പങ്കിട്ടതോ ആയ ചിത്രങ്ങൾ ഗൂഗിളിന്റെ തിരയലിൽ നിന്ന് നീക്കം ചെയ്യണമെന്ന് അഭ്യർത്ഥിക്കാൻ അനുവദിക്കുന്ന അപ്ഡേറ്റുകളും ഗൂഗിൾ അവതരിപ്പിച്ചിരുന്നു.