April 22, 2025, 3:36 am

ഡൽഹിയിൽ 50 ൽ അധികം സ്‌കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം

ഡൽഹിയിലെ 50-ലധികം സ്‌കൂളുകളിൽ ബോംബ് ഭീഷണിയുണ്ടെന്നത് തെറ്റാണെന്ന് ആഭ്യന്തര മന്ത്രാലയം. ഇമെയിൽ വഴിയാണ് ഭീഷണി അറിയിച്ചത്. റഷ്യയിൽ നിന്നാണ് സന്ദേശം വന്നതെന്നാണ് പൊലീസ് നിഗമനം. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഡൽഹിയിലെയും നോയിഡയിലെയും 50 ലധികം സ്‌കൂളുകൾക്ക് നേരെയുണ്ടായ ബോംബ് ഭീഷണി ദേശീയ തലസ്ഥാനത്ത് അരാജകത്വത്തിലേക്ക് നയിച്ചു. ഇന്ന് പുലർച്ചെ 4.15 ഓടെ ചാണക്യപുരിയിലെ സംസ്‌കൃത സ്‌കൂൾ, കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിലെ മദർ മേരി സ്‌കൂൾ, ദ്വാരകയിലെ ഡൽഹി പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിലേക്കാണ് ആദ്യ ഭീഷണി സന്ദേശം ലഭിച്ചത്. 50 ഓളം സ്കൂളുകൾക്ക് സമാനമായ ഇമെയിലുകൾ ലഭിച്ചതായി പിന്നീട് കണ്ടെത്തി. ചില സ്കൂളുകൾക്ക് ഇന്നലെയും ഭീഷണി സന്ദേശങ്ങൾ ലഭിച്ചു. സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിക്കാനുള്ള തിരച്ചിൽ മണിക്കൂറുകളോളം നീണ്ടു. സ്‌ഫോടക വിദഗ്ധർക്കും അഗ്നിശമന സേനാംഗങ്ങൾക്കും സംശയാസ്പദമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല, സന്ദേശം വ്യാജമാണെന്ന് പോലീസ് വ്യക്തമാക്കി.