1 ബോളിൽ 286 റൺസ്!! ലോകത്തെ ഞെട്ടിച്ച ആ കഥ അറിയാമോ!!
ക്രിക്കറ്റ് എന്നത് വിനോദത്തിനപ്പുറം വലിയ ഒരു വികാരമാണ്. അതുപോലെ തന്നെയാണ് ക്രിക്കറ്റ് റെക്കോർഡുകളും. ക്രിക്കറ്റിന്റെ ആരംഭകാലം മുതൽ ശ്രദ്ധേയമായ കാര്യം സാങ്കേതികപരമായി ആ വിനോദത്തിന് ഉണ്ടാവുന്ന വളർച്ചയായിരുന്നു. കുറച്ചു വർഷങ്ങൾക്കു മുൻപ് ഓസ്ട്രേലിയൻ ബാറ്റർ ട്രാവിസ് ബെർട്ട് കേവലം ഒരു ബോളിൽ 20 റൺസ് നേടുകയുണ്ടായി. അതിനുമുമ്പ് ഇന്ത്യൻ ബാറ്റർ വീരേന്ദർ സേവാഗ് ഒരു ബോളിൽ 17 റൺസ് നേടുകയുണ്ടായി. എന്നാൽ ഇതൊന്നും ഒരു ലോക റെക്കോർഡായി മാറിയില്ല. എന്തിനു പറയണം, ഒരു ബോളിൽ ഏറ്റവുമധികം റൺസ് എന്ന റെക്കോർഡിന് അടുത്തുപോലും ഇതെത്തിയില്ല. അപ്പോൾ ചോദ്യമുയർന്നേക്കാം, ഒരു ബോളിൽ ഏറ്റവുമധികം റൺസ് നേടിയ ബാറ്റർ ആരാണ്? അതാണ് ഇവിടെ പറയുന്നത്.
1894ൽ നടന്ന ഒരു ആഭ്യന്തര മത്സരത്തിലാണ് സംഭവം അരങ്ങേറിയത്. വെസ്റ്റേൺ ഓസ്ട്രേലിയയും വിക്ടോറിയയും തമ്മിലായിരുന്നു മത്സരം. മത്സരത്തിലെ ആദ്യ ബോൾ ബാറ്റിംഗ് ടീം ഉയർത്തിയടിക്കുകയും മൈതാനത്തുണ്ടായിരുന്ന മരത്തിൽ കുടുങ്ങിപോവുകയും ചെയ്തു. മൈതാനത്തുള്ള ഫീൽഡർമാർ നോക്കിയിട്ട് ബോൾ മരത്തിന്റെ ചില്ലയിൽ നിന്നെടുക്കാൻ സാധിച്ചില്ല. അങ്ങനെ ഫീൽഡിംഗ് ടീം “ലോസ്റ്റ് ബോളി”ന് അപ്പീൽ ചെയ്തു. എന്നാൽ ബോൾ കൃത്യമായി കാണാമായിരുന്നതിനാൽ അമ്പയർമാർ അത് സമ്മതിച്ചില്ല. ഈ സമയം ഇരു ബാറ്റർമാരും റൺസിനായി ഓടാൻ തുടങ്ങി. അവസാനം ഒരു മഴു ഉപയോഗിച്ച് മരംമുറിക്കാൻ ഫീൽഡിങ് ടീമിന് തീരുമാനിക്കേണ്ടി വന്നു. എന്നാൽ അതും സാധ്യമാകാതെ വന്നപ്പോൾ അവർ ഒരു ഷോട്ട്ഗൺ ഉപയോഗിച്ചു. അങ്ങനെ മരത്തിന്റെ ചില്ല സഹിതം ഗ്രൗണ്ടിലേക്ക് വീണു. അടുത്തുനിന്ന ഫീൽഡർ ഓടിവന്ന് ബോൾ എടുത്ത് കീപ്പറിന്റെ കൈകളിലേക്കെറിഞ്ഞു. എന്നാൽ അപ്പോഴേക്കും ബാറ്റിംഗ് ടീം 286 റൺസ് ഓടി എടുത്തിരുന്നു. ആ ഒരൊറ്റ ബോളിന് ശേഷം ബാറ്റിങ് ടീം ഡിക്ലയർ ചെയ്യുകയാണ് ചെയ്തത്. ക്രിക്കറ്റിലെ ഏറ്റവും ചെറിയ ഇന്നിംഗ്സ് അതായിരുന്നു. എന്നാൽ ഈ സംഭവത്തെ സംബന്ധിച്ച് മറ്റു വിവരങ്ങൾ ഒന്നുംതന്നെ ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ തന്നെ ഇതിലെ വസ്തുതയും കൃത്യമായി ആർക്കുമറിയില്ല.