മേഘാലയയിൽ പൗരത്വ നിയമ പ്രതിഷേധത്തിന് പിന്നാലെയുണ്ടായ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു
മേഘാലയയിൽ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച വൈകീട്ട് ഈസ്റ്റ് ഖാസി ഹിൽസിലാണ് സംഭവം. മറ്റൊരു സമുദായത്തിലെ രണ്ട് പ്രതിനിധികളെ ചിലർ തല്ലിക്കൊന്നു. സുരക്ഷാ നടപടികൾ ശക്തമാക്കാൻ പൊലീസിന് നിർദേശം നൽകി. കേന്ദ്രസേനയെ വിന്യസിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. നാളെ സമാധാന യോഗം ചേരും.
ഷെല്ല പോലീസ് സ്‌റ്റേഷന് പരിധിയിലെ ഇച്ചാമതിയിലാണ് സംഭവം. ഖാസി സ്റ്റുഡൻ്റ്‌സ് യൂണിയൻ (കെഎസ്‌യു) മറ്റ് എൻജിഒകൾക്കൊപ്പം പൗരത്വ ഭേദഗതി നിയമത്തിനെതിരെ റാലി സംഘടിപ്പിച്ചു. റാലിക്ക് പിന്നാലെയാണ് അക്രമം നടന്നതെന്ന് പോലീസ് പറഞ്ഞു. ഈ സാഹചര്യം മുതലെടുത്ത് ഒരു ക്രിമിനൽ സംഘം മറ്റൊരു സമുദായത്തിൽപ്പെട്ട രണ്ടുപേരെ കൊലപ്പെടുത്തിയതാകാമെന്നാണ് റിപ്പോർട്ടുകൾ.