പുഴയുടെ തീരത്ത് മേയാൻ വിട്ടു, ബാക്കിയായത് അസ്ഥികൂടം മാത്രം

കാട്ടിനുള്ളില്‍ നിന്നെത്തുന്ന ചെന്നായകളുടെ ആക്രമണം മൂലം ദുരിതത്തിലായിരിക്കുകായണ് കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ ജനങ്ങള്‍. കഴിഞ്ഞ ദിവസം പുഴയോരത്ത് മേയുകയായിരുന്ന പ്ലാൻ്റേഷൻ കോർപറേഷൻ പ്ലംബറുടെ മൂന്ന് പശുക്കളെ ചെന്നായക്കൂട്ടം കൊന്ന് തിന്നിരുന്നു.മഞ്ഞുണ്ണീമ്മല്‍ രാജീവന്റെ പശുക്കളാണ് ആക്രമിക്കപ്പെട്ടത്. ഇതില്‍ ഒരു പശുവിന്റെ അസ്ഥികൂടം മാത്രമാണ് ചെന്നായ്ക്കളുടെ ആക്രമണത്തിൽ ബാക്കിയായത്.
പ്ലാന്റേഷന്‍ കോര്‍പറേഷന് കീഴിലുള്ള റബ്ബര്‍ എസ്റ്റേറ്റിലെ തൊഴിലാളികളാണ് പ്രധാനമായും ഇവിടെ താമസിക്കുന്നത്. പശുക്കളെ സ്ഥിരമായി മേയാന്‍ വിടുകയാണ് കര്‍ഷകര്‍ ചെയ്തിരുന്നത്. ടാപ്പിംഗിനായി പുലര്‍ച്ചെ തോട്ടത്തിലെത്തിയ തൊഴിലാളികളാണ് ചെന്നായക്കൂട്ടം പശുക്കളെ ആക്രമിക്കുന്നത് കണ്ടത്. ഇതിനകം തന്നെ ഒരു പശുവിനെ പൂര്‍ണമായും കൊന്നു തിന്നിരുന്നു. രണ്ടെണ്ണത്തിനെ തിന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് സംഭവം തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇവിടെ നിന്നും ചെന്നായകളെ ഓടിച്ചുവിട്ട ശേഷം ഇവര്‍ ടാപ്പിംഗിനായി തിരിച്ചുപോയി.