ഡ്രോണുകളെ നേരിടാൻ പരുന്തുകളുമായി തെലങ്കാന പൊലീസ്
വിഐപി സന്ദർശനങ്ങളിലും പ്രധാന പരിപാടികളിലും പോലീസിന് വെല്ലുവിളി ഉയർത്തുന്ന ഡ്രോണുകളെ നേരിടാൻ തെലങ്കാന പോലീസ് പരുന്തുകളെ ഉപയോഗിക്കുന്നു. പ്രത്യേക പരിശീലനം ലഭിച്ച ഫാൽക്കണുകളാണ് ഡ്രോണുകളെ തടയുന്നത്. നെതർലൻഡ്‌സ്, ഫ്രാൻസ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും ഉപയോഗിക്കുന്ന രീതിയാണ് തെലങ്കാന പോലീസ് പരീക്ഷിക്കുന്നത്. മൂന്ന് വർഷത്തെ പരിശീലനത്തിന് ശേഷമാണ് ഈ തെലങ്കാന പോലീസ് പരുന്തുകൾ യുദ്ധക്കളത്തിലേക്ക് ഇറങ്ങുന്നത്.
കഴിഞ്ഞ ദിവസമാണ് മൊയിൻബാദിൽ വച്ച് പരുന്തുകളെ ഉപയോഗിച്ചുള്ള ഈ ഡ്രോൺ നേരിടലിന്റെ ട്രയൽ നടന്നത്. ഡിജിപി രവി ഗുപ്ത മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ ഈ ട്രയലിന് സാക്ഷികളായി. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ പട്ടം ഉപയോഗിച്ച് ശത്രുക്കളുടെ ഡ്രോണുകളെ കരസേന പ്രതിരോധിച്ചിരുന്നു.