November 27, 2024, 9:24 pm

പ്രണയത്തിന്റെ പുതിയ വഴിയിൽ…”രാമുവിന്റെ മനൈവികൾ” റിലീസിങ്ങിന് ഒരുങ്ങുന്നു

പഠിച്ച് ഡോക്ടറാക്കാൻ സഹായിക്കാമെന്നേറ്റ രാമുവെന്ന ധനാഢ്യനെ വിവാഹം കഴിച്ച് അതിർത്തി ഗ്രാമത്തിലെത്തിയ മല്ലിയുടെ ജീവിതം അപ്രതീക്ഷിതമായ ചില വഴിത്തിരിവുകളിൽ എത്തുന്നു.

തികച്ചും അസാധാരണമായ ചുറ്റുപാടുകൾ കണ്ട് അമ്പരന്നു പോയ അവളുടെ ജീവിതത്തിൽ രാമുവിനെ കൂടാതെ ഒരു പുതിയ പ്രണയം നാമ്പിടുകയാണ്. പഠനം പൂർത്തിയാക്കാനുള്ള മല്ലിയുടെ ആഗ്രഹം ഈ പ്രണയത്തിലൂടെ സഫലമാകുമോ? മല്ലിയുടെ ഈ യാത്രയുടെ കഥ പറയുന്നു സുധീഷ് സുബ്രഹ്മണ്യം രചനയും സംവിധാനവും നിർവഹിക്കുന്ന “രാമുവിന്റെ മനൈവികൾ” എന്ന ദ്വിഭാഷാ ചിത്രം.

മലയാള സിനിമ പരിചയിച്ചിട്ടില്ലാത്ത പുതുമയേറിയ പശ്ചാത്തലവും കഥാപാത്രങ്ങളും സന്ദർഭങ്ങളുമാണ് “രാമുവിന്റെ മനൈവികൾ” പ്രേക്ഷകർക്കായി ഒരുക്കുന്നത്.

ബാലു ശ്രീധർ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ആതിരയും ശ്രുതി പൊന്നുവും പ്രധാന വേഷങ്ങളിലെത്തുന്നു. ബീന, പ്രേമ താമരശ്ശേരി, സനീഷ്, ദീപു, സന്തോഷ് തച്ചണ്ണ, വിമൽ മേനോൻ, വേണുജി, രവീന്ദ്രൻ, സി.എ. വിൽസൺ, മനോജ് മേനോൻ, ഭാഗ്യനാഥൻ തുടങ്ങിയവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്. പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്.

രാജാവിന്റെ മകൻ, ഇന്ദ്രജാലം, ധ്രുവം, ജോണിവാക്കർ തുടങ്ങിയ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങളിലൂടെ മലയാളിയെ ത്രസിപ്പിച്ച എസ്. പി. വെങ്കിടേഷ് ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും “രാമുവിന്റെ മനൈവികളി”ലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു.

എം.വി.കെ ഫിലിംസിന്റെ ബാനറിൽ വാസു അരീക്കോട്, ജൈമിനി, രാജേന്ദ്രബാബു എന്നിവർ ചേർന്ന് മലയാളത്തിലും തമിഴിലും ഒരേ സമയം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിപിന്ദ് വി രാജ് നിർവ്വഹിക്കുന്നു. പി.ജയചന്ദ്രനും രഞ്ജിത് ഉണ്ണിയും വി.വി. പ്രസന്നയും നിമിഷ കുറുപ്പത്തും ആലപിച്ച ഗാനങ്ങൾ രചിച്ചിരിക്കുന്നത് വാസു അരീക്കോട്, പ്രഭാകരൻ നറുകര, ജയചന്ദ്രൻ, വൈര ഭാരതി (തമിഴ്) എന്നിവരാണ്.

എഡിറ്റിംഗ് – പി.സി. മോഹനൻ, സംഭാഷണം -വാസു അരീക്കോട്, പ്രൊഡക്ഷൻ കൺട്രോളർ – ചെന്താമരാക്ഷൻ, കല – പ്രഭ മണ്ണാർക്കാട് ,കോസ്റ്റ്യൂംസ് -ഉണ്ണി പാലക്കാട്‌, മേക്കപ്പ് – ജയമോഹൻ, സ്റ്റിൽസ് – കാഞ്ചൻ ടി.ആർ, അസോസിയേറ്റ് ഡയറക്ടർ – എം. കുഞ്ഞാപ്പ, അസിസ്റ്റന്റ് ഡയറക്ടർ – ആദർശ് ശെൽവരാജ്.

സംഘട്ടനം – ആക്ഷൻ പ്രകാശ്, നൃത്തം – ഡ്രീംസ് ഖാദർ, പ്രൊഡക്ഷൻ മാനേജർ – വിമൽ മേനോൻ, ലൊക്കേഷൻ മാനേജർ – മുരളി പട്ടാമ്പി, നിധീഷ് കൃഷ്ണൻ, പി ആർ ഒ- എ.എസ്. ദിനേശ്.

പട്ടാമ്പി, അരീക്കോട്, അട്ടപ്പാടി, ശിവകാശി, മധുര, പൊള്ളാച്ചി എന്നിവിടങ്ങളിൽ ചിത്രീകരിച്ച സിനിമയുടെ എഡിറ്റിംഗും ഡബ്ബിംഗും പൂർത്തിയായി. ചിത്രം ഉടൻ പ്രദർശനത്തിനെത്തും.

You may have missed