November 27, 2024, 4:11 pm

അമര്‍നാഥിലേക്ക് നൂറ്‌കോടി പുണ്യം തേടി ഒരു യാത്ര… ലോകത്തിലെ ഏറ്റവും നിഗൂഢമായ ഗുഹാക്ഷേത്രം

ലോകത്തിലെ ഏറ്റവും നിഗൂഢമായ ആരാധനാകേന്ദ്രത്തിലൊന്നാണ് അമര്‍നാഥ് . അമരത്വത്തെ സൂചിപ്പിക്കുന്ന അമര്‍ എന്ന വാക്കും ഈശ്വരനെ സൂചിപ്പിക്കുന്ന നാഥ് എന്ന വാക്കും ചേര്‍ന്നാണ് അമര്‍നാഥ് എന്ന പേര് രൂപം കൊണ്ടത് .ശ്രീനഗറില്‍നിന്നും 145km അകലെ കശ്മീരിലെ അനന്തനാഗ് ജില്ലയിലാണ് അമര്‍നാഥ് ഗുഹാക്ഷേത്രം . മഞ്ഞില്‍ രൂപം കൊണ്ടിട്ടുള്ള സ്വയംഭൂവായ ശിവലിംഗം ഭക്തരുടെ ഉള്ളില്‍ ആഴത്തിലുള്ള ഭക്തിയും അത്ഭുതവും നിറയ്ക്കുന്നു.സമുദ്രനിരപ്പില്‍നിന്ന് 3888 അടി ഉയരത്തില്‍ 150 അടി ഉയരവും 90 അടി വീതിയുമുളള പ്രകൃതിനിര്‍മിത ക്ഷേത്രമാണ് അമര്‍നാഥിലേത്. ശ്രാവണ മാസത്തിലെ ശുക്ലപക്ഷാരംഭത്തോടെ രൂപം കൊള്ളുന്ന ഹിമലിംഗം പൗര്‍ണമി നാളില്‍ പൂര്‍ണരൂപത്തില്‍ വിളങ്ങും.ദേവന്മാരുടെ ആഗ്രഹപ്രകാരം ശ്രാവണമാസത്തിലെ പൗര്‍ണമി മുതല്‍ കൃഷ്ണപക്ഷത്തിലെ അമാവാസി വരെ മഹാദേവന്‍ ഈ ഗുഹയില്‍ ലിംഗരൂപത്തില്‍ പ്രത്യക്ഷനായി അനുഗ്രഹിക്കുന്നുവെന്നാണു വിശ്വാസം.

മനോഹരമായ ഒരു ഐതിഹ്യ കഥ അമര്‍നാഥ് ക്ഷേത്രത്തിന് പുറകിലുണ്ട്.

ഒരിക്കല്‍ പാര്‍വതീ ദേവി മഹാദേവനോട് അദ്ദേഹത്തിന്റെ അമരത്വത്തിന്റെ രഹസ്യം വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടു. തന്റെ അമരത്വത്തിന്റെ രഹസ്യം കേള്‍ക്കുന്നവര്‍ക്ക് വീണ്ടും ജന്മമെടുക്കേണ്ടി വരുന്നതിനാല്‍ ഭഗവാന്‍ ദേവിയെയും കൂട്ടി ഹിമാലയത്തിന്റെ ഒഴിഞ്ഞകോണിലേക്ക് യാത്ര തിരിച്ചു. പോകുന്ന വഴി ഭഗവാന്റെ വാഹനമായ നന്ദിയെ പഹല്‍ഗാമിലും പാമ്പിനെ ശേഷ്‌നാഗിലും പഞ്ചഭൂതങ്ങളെ പഞ്ച്തര്‍ണിയിലും ഉപേക്ഷിച്ച ശേഷം പാര്‍വതിയെയും കൂട്ടി അമര്‍നാഥ് ഗുഹയില്‍ എത്തി . ഗുഹയില്‍ ആരും ഇല്ല എന്ന് ഉറപ്പുവരുത്തിയ ശേഷം ശിവന്‍ പാര്‍വതീദേവിയോടു ആ മഹാരഹസ്യം വെളിപ്പെടുത്തി . യാദൃശ്ചികമായി രണ്ട് പ്രാവിന്റെ മുട്ടകള്‍ ആ ഗുഹയില്‍ ഉണ്ടായിരുന്നു.മുട്ടകള്‍ വിരിയുകയും അമരത്വത്തിന്റെ രഹസ്യം കേള്‍ക്കുകയും ചെയ്തതിനാല്‍ പ്രാവുകള്‍ക്ക് വീണ്ടും ജന്മമെടുക്കേണ്ടി വന്നത്രെ. അമര്‍നാഥിലേക്ക് പോകും വഴി ഇപ്പോഴും ആ പ്രാവുകളെ കാണാം.

ഗുഹാക്ഷേത്രം കണ്ടെത്തിയത് ആട്ടിടയന്‍?

ഏകദേശം 5000 വര്‍ഷത്തെ പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്ന് പറയപ്പെടുന്നു. ഒരിക്കല്‍ ഒരു ആട്ടിടയന്‍ യാദൃശ്ചികമായി അമര്‍നാഥ് ഗുഹയില്‍ അകപ്പെട്ടു. അവിടെ കണ്ടുമുട്ടിയ മുനി ആട്ടിടയന് ഒരു സഞ്ചി നിറയെ കല്‍ക്കരി നല്‍കി. വീട്ടില്‍ എത്തി സഞ്ചി തുറന്നുനോക്കിയപ്പോള്‍ കല്‍ക്കരി മുഴുവന്‍ സ്വര്‍ണമായി മാറിയിരിക്കുന്നു. മുനിയോട് നന്ദി പറയാനായി തിരിച്ചെത്തിയ ആട്ടിടയന്‍ മുനിശ്രേഷ്ഠന് പകരം മഞ്ഞില്‍ രൂപം കൊണ്ട ശിവലിംഗമാണ് കണ്ടത്. ഗുഹാ ക്ഷേത്രം കണ്ടെത്തിയത് ഈ ആട്ടിടയനാണെന്നാണ് വിശ്വാസം. പിന്നീട് എല്ലാ വര്‍ഷവും സ്വയംഭൂവായ ഭഗവാനെ ആരാധിക്കാന്‍ ഭക്തര്‍ എത്തി തുടങ്ങി.

ശ്രാവണമാസത്തില്‍ മാത്രം രൂപം കൊള്ളുന്ന ഹിമലിംഗത്തിന്റെ ഇടതു ഭാഗത്തുള്ള മഞ്ഞു രൂപത്തെ ഗണപതിയായും വലതു ഭാഗത്തുള്ള മഞ്ഞു രൂപത്തെ പാര്‍വതീദേവിയായും കരുതിപ്പോരുന്നു. ഗുഹാമുഖം തെക്കോട്ടായതിനാല്‍ സൂര്യരശ്മി ക്ഷേത്രത്തിലെ ഹിമലിംഗത്തില്‍ സ്പര്‍ശിക്കില്ല.
അമര്‍നാഥില്‍ എത്തുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും കാണേണ്ട കാഴ്ച 3888 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അമര്‍നാഥ് ഗുഹയാണ്. മഞ്ഞില്‍ രൂപം കൊള്ളുന്ന ശിവലിംഗം സ്ഥിതിചെയ്യുന്നത് ഈ ഗുഹയുടെ ഉള്‍ഭാഗത്താണ്. വിശ്വാസങ്ങള്‍ അനുസരിച്ച് ഏതാണ്ട് 5000 വര്‍ഷത്തെ പഴക്കം ഈ ഗുഹയ്ക്കുണ്ട്. ചന്ദ്രമാസത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് ശിവലിംഗം തെളിയുകയും മങ്ങുകയും ചെയ്യുന്നു. മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള സമയത്താണ് ശിവലിംഗം ഏറ്റവും വളര്‍ച്ച പ്രാപിക്കുന്ന സമയം. ഈ ഗുഹയില്‍ വെച്ചാണ് ശിവന്‍ പാര്‍വ്വതിയ്ക്ക് അമരത്വത്തിന്റെ രഹസ്യം വെളിപ്പെടുത്തിയത് എന്നാണ് പറയപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed