കോഴിക്കോട് കുറ്റിക്കാട്ടൂരിൽ കടയിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ കടയിലെ തൂണിൽ വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. 15 ദിവസത്തിനകം പരിശോധനാ റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ഇബി എക്‌സിക്യൂട്ടീവ് എൻജിനീയറോട് കമ്മിഷൻ നിർദേശിച്ചു. ജൂൺ 25ന് കോഴിക്കോട്ട് ചേരുന്ന യോഗത്തിൽ കമ്മിഷൻ കേസ് പരിഗണിക്കും. കണക്ഷനിൽ പ്രശ്നമുണ്ടെന്ന് പരാതി നൽകിയിട്ടും ബോർഡ് നടപടിയെടുത്തിരുന്നില്ല എന്ന് ആക്ഷേപമുയർന്നിരുന്നു. മുഹമ്മദ് റിജാസ് (19) ആണ് മഴയ്ക്കിടെ നിൽക്കുന്ന ഇരുമ്പ് കടയുടെ തൂണിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്. ദൃശ്യമാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ നടപടിയെടുത്തത്.
പരേതനായ മുഹമ്മദ് റിജാസിൻ്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി അഞ്ച് ലക്ഷം രൂപ നൽകാനും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഉത്തരവിട്ടിട്ടുണ്ട്. യുവാവിൻ്റെ മരണവുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ധനസഹായം നൽകാൻ വൈദ്യുതി വകുപ്പ് ഉത്തരവിട്ടു. മുഹമ്മദ് റിജാസിൻ്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകും.