കളമശ്ശേരിയിൽ കൂടുതൽ പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

കളമശേരിയിൽ കൂടുതൽ പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കിടെ 28 കേസുകൾ സ്ഥിരീകരിച്ചു. 10 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. നഗര ഭരണകൂടം പ്രതിരോധ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ജില്ലയിലെ കുടിവെള്ള സ്രോതസ്സുകളിൽ പരിശോധന നടത്താൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു.
അതേ സമയം എറണാകുളം വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു. പ്രദേശവാസികൾക്ക് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. രോഗലക്ഷണങ്ങളുള്ളവരെ ചികിൽസിച്ചും നിരീക്ഷിച്ചും കൂടുതൽ പേരിലേക്ക് രോഗം പടരാതിരിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം വേങ്ങൂരിൽ മഞ്ഞപ്പിത്തം പടർന്നതിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് അറിയിച്ചു. ചികിത്സയിൽ കഴിയുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ ശുപാർശ ചെയ്ത് സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എൻഎസ്കെ ഉമേഷ് ആവശ്യപ്പെട്ടു.