April 21, 2025, 7:02 am

ഇഡിക്ക് തിരിച്ചടി; അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിംകോടതി. ജൂണ്‍ ഒന്നു വരെയാണ് സുപ്രീം കോടതി കെജ്‌രിവാളിന് ഇടക്കാലജാമ്യം അനുവദിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വിശദ വാദം നടന്ന കേസില്‍ ജാമ്യം നല്‍കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ജാമ്യ വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാം.

കെജ്‌രിവാളിന് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയാണ് കോടതി വിധി. 21 ദിവസത്തേക്കാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന , ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കാന്‍ കെജ്രിവാളിന് കഴിയില്ല.ഇടക്കാല ജാമ്യം നല്‍കിയാല്‍ തിരഞ്ഞെടുപ്പിന്റെ പേരില്‍ അന്വേഷണത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ രാഷ്ട്രീയക്കാര്‍ക്ക് സാഹചര്യമൊരുക്കുകയാണ് ചെയ്യുന്നതെന്നും ഇഡി വാദം ഉന്നയിച്ചിരുന്നു.