കാന്തല്ലൂരില്‍ ടൂറിസം ഫെസ്റ്റിന് തിരിതെളിഞ്ഞു..
കാന്തല്ലൂർ ടൂറിസം ഫെസ്റ്റിന് തുടക്കം കുറിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ടൂറിസം ഫെസ്റ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ലോകശ്രദ്ധയാകർഷിക്കുന്ന ടൂറിസം കേന്ദ്രമായി മാറ്റാനുതകുന്ന കാലാവസ്ഥയാണ് കാന്തല്ലൂരിനുള്ളതെന്ന് മന്ത്രി പറഞ്ഞു. ഭൗമ സൂചിക പദവി ലഭിച്ച വെളുത്തുള്ളിയുടെയും ശർക്കരയുടെയും പേരിൽ മാത്രമല്ല ഏറ്റവും ശുദ്ധമായ പഴവർഗ്ഗങ്ങളുടെ ലഭ്യത കൊണ്ട് ഏറ്റവും ശ്രദ്ധേയമായി മാറേണ്ടുന്ന സ്ഥലം കൂടിയാണ് കാന്തല്ലൂർ.കാന്തല്ലൂർ ഒത്തിരിയേറെ മുമ്പോട്ട് പോകാനുണ്ട്. പഴ വർഗ്ഗങ്ങളുടെ പച്ചക്കറികളുടെ ഉത്പാദനം കൊണ്ട് മാത്രം കർഷകർക്ക് മുമ്പോട്ട് പോകാനാവില്ല.
കാർഷിക മേഖല പലവിധത്തിലുള്ള പ്രതിസന്ധികളിലൂടെ മുമ്പോട്ട് പോകുകയാണ്.കാലവസ്ഥ പ്രവചനാതീതമായ നാടായി കേരളം മാറിയിരിക്കുന്നു. കർഷകർക്ക് പലപ്പോഴും പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കിയെടുക്കാൻ കഴിയാത്തത് കാലവസ്ഥയിലുണ്ടാകുന്ന വ്യതിയാനം കൊണ്ട് കൂടിയാണെന്നും മന്ത്രി വ്യക്തമാക്കി.കാന്തല്ലൂരിൻ്റെ ടൂറിസം വികസനത്തിനായും അവധിക്കാലത്ത് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് 7 മുതല്‍ 12 വരെ കാന്തല്ലൂർ ടൂറിസം ഫെസ്റ്റ് നടക്കുന്നത്. രണ്ടാം തവണയാണ് ഫെസ്റ്റ് നടക്കുന്നത്.
കാന്തല്ലൂര്‍ പഞ്ചായത്ത്, റിസോര്‍ട്ട് ആന്‍ഡ് ഹോംസ്റ്റേ അസോസിയേഷന്‍, ഡ്രൈവേഴ്‌സ് യൂണിയന്‍ എന്നിവര്‍ ചേര്‍ന്നാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.ഉദ്ഘാടന ചടങ്ങിൽ ദേവികുളം എം എൽ എ അഡ്വ. എ രാജ അധ്യക്ഷത വഹിച്ചു.ആർ ടി മിഷൻ കോഡിനേറ്റർ രൂപേഷ്കുമാർ വിശിഷ്ടാതിഥിയായി. കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ടി മോഹൻദാസ്,ത്രിതല പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഫെസ്റ്റ് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി സാംസ്ക്കാരിക ഘോഷയാത്ര നടന്നു. പയസ് നഗർ ആനകോട്ടപ്പാറയിൽ നിന്നാരംഭിച്ച ഘോഷയാത്ര ഫെസ്റ്റ് നഗരിയിൽ സമാപിച്ചു.തുടർന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പതാക ഉയർത്തി.
ഫെസ്റ്റിന്റെ ഭാഗമായി മറയൂര്‍, ചിന്നാര്‍, മൂന്നാര്‍ മേഖലകളില്‍നിന്ന് പ്രത്യേക ടൂര്‍ പാക്കേജ് ഉണ്ടായിരിക്കും. കാന്തല്ലൂരിലെ 49 ടൂറിസം കേന്ദ്രങ്ങള്‍, ശിലായുഗ കാഴ്ചകള്‍, മുനിയറകള്‍, വെള്ളച്ചാട്ടങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിക്കാം. കൂടാതെ, ഭൗമസൂചിക പദവി നേടിയ മറയൂര്‍ ശര്‍ക്കര, കാന്തല്ലൂര്‍ വട്ടവട വെളുത്തുള്ളി, ശീതകാല പച്ചക്കറികള്‍, ആപ്പിള്‍, സ്‌ട്രോബറി, റാഗി, സു ഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവ വിളയുന്ന തോട്ടങ്ങളും കാണാം. കാര്‍ണിവല്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ചലച്ചിത്ര താരങ്ങള്‍ ഒരുക്കുന്ന മെഗാഷോ, ഫ്‌ളവര്‍ ഷോ എന്നിവയും ഫെസ്റ്റിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സ്ട്രീറ്റ് ടൂറിസം പദ്ധതി വിജയകരമായി നടപ്പാക്കിയ കാന്തല്ലൂര്‍ ഗ്രാമത്തിന് മികച്ച ഗ്രാമീണ ടൂറിസം പദ്ധതി വിഭാഗത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഗോള്‍ഡ് അവാര്‍ഡ് ലഭിച്ചിരുന്നു.
ലോക ടൂറിസം ദിനത്തില്‍ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ടൂറിസം മന്ത്രാലയം സെക്രട്ടറി വി വിദ്യാവതിയില്‍ നിന്ന് സംസ്ഥാന ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് അവാര്‍ഡ് ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഈ ഒരാവേശം കൂടി ഉള്‍കൊണ്ടാണ് ഇത്തവണ രണ്ടാമത് കാന്തല്ലൂര്‍ ടൂറിസം ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്. ചിത്രം: കാന്തല്ലൂർ ടൂറിസം ഫെസ്റ്റിൻ്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവ്വഹിക്കുന്നു.