ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ സുരക്ഷാസേന ഏഴ് മാവോയിസ്റ്റുകളെ വധിച്ചു
ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. നാരായൺപൂർ-കങ്കർ ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് സ്വാധീന മേഖലകളിലൊന്നായ ബസ്തർ മേഖലയുടേതാണ് ഈ പ്രദേശങ്ങൾ.
ഏറ്റുമുട്ടൽ തുടരുകയാണെന്നും സുരക്ഷാസേന സുരക്ഷിതരാണെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് വൻ ആയുധശേഖരവും കണ്ടെത്തിയിട്ടുണ്ട്. ജില്ലാ റിസർവ് ഗാർഡുകളുടെയും പ്രത്യേക ദൗത്യസേനയുടെയും സംയുക്ത സംഘം മാവോയിസ്റ്റുകളെ നേരിട്ടു. കഴിഞ്ഞ ആഴ്ചകളിൽ 29 മാവോയിസ്റ്റുകളെ സുരക്ഷാസേന വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ വധിച്ചു. ബസ്തറിൽ മാത്രം ഈ വർഷം 88 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.