തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഐക്കണായി മമിത വോട്ട് തേടി; വോട്ടർ ലിസ്റ്റിൽ പക്ഷെ പേരില്ല

വോട്ട് പാഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച സ്വീപ് യൂത്ത് ഐക്കണു പക്ഷേ വോട്ടില്ല. പ്രേമലു എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി മമിത ബൈജുവിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ യൂത്ത് ഐക്കണായി നിൽക്കെ തന്നെ വോട്ടർ ലിസ്റ്റിൽ പേരില്ലാത്തതിനാൽ വോട്ടില്ലാതെയായത്. മമിതയുടെ കന്നിവോട്ട് കൂടിയായിരുന്നു ഇത്തവണ. വോട്ടർ പട്ടികയിൽ പേരില്ലാത്തതാണ് പ്രശ്നമായത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്നലെ പ്രവർത്തകർ നടിയുടെ കിടങ്ങൂരിലെ വസതിയിൽ വോട്ടിങ് സ്ലിപ് എത്തിച്ചപ്പോഴാണ് മകളുടെ പേര് ലിസ്റ്റിൽ ഇല്ല എന്ന വിവരം പിതാവ് ഡോ ബൈജു അറിഞ്ഞത്.
തിയേറ്ററിലെ തിരക്ക് കാരണം വോട്ടിംഗ് ഉറപ്പാക്കാൻ കഴിഞ്ഞില്ലെന്ന് ഡോ.ബൈജു പറഞ്ഞു. വോട്ടർമാരുടെ വിദ്യാഭ്യാസവും സാക്ഷരതയും ലക്ഷ്യമിട്ടുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഒരു സംരംഭമാണ് SWEEP എന്നറിയപ്പെടുന്ന സിസ്റ്റമാറ്റിക് വോട്ടർ എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാം. പദ്ധതിയുടെ ഭാഗമായി ജസ്റ്റിസ് കെ.ടി.തോമസ്, പൈ വഞ്ചിയിൽ ലോകം ചുറ്റിയ കമാൻഡർ അഭിലാഷ് ടോമി, മിസ് ട്രാൻസ് ഗ്ലോബൽ ജേതാവും മോഡലുമായ ശ്രുതി സിത്താര, ഗായിക വൈക്കം വിജയലക്ഷ്മി എന്നിവരെ കോട്ടയം മണ്ഡലത്തിൻ്റെ ചിഹ്നങ്ങളായി തിരഞ്ഞെടുത്തു.