പക്ഷിപ്പനി; അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്നാട്, ഇറച്ചിയും മുട്ടയുമായി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും

ആലപ്പുഴയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പശ്‌ചാത്തലത്തിൽ, കേരള അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്നാട്. ചെക്പോസ്റ്റുകളിൽ കോഴി, താറാവ് എന്നിവയുടെ ഇറച്ചികളോ മുട്ടകളോ കൊണ്ടുവരുന്ന വാഹനങ്ങൾ തിരിച്ചയ്ക്കാനാണ് നിർദേശം. കേരള അതിർത്തിയിലെ 12 ചെക് പോസ്റ്റുകളിലും 24 മണിക്കൂറും നിരീക്ഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. വെറ്ററിനറി ഡോക്ടർ, ഇൻസ്പെക്ടർ അടക്കം അഞ്ച് പേരാണ് സംഘത്തിൽ ഉണ്ടാവുക.
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ചിഞ്ചുറാണി നേരത്തെ വ്യക്തമാക്കിയിരുന്നു. ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം ബാധിച്ച പ്രദേശത്തിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ താറാവുകളും ചത്തു. 17,480 താറാവുകൾ ചത്തു. 34 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ താറാവ്, കോഴി ഇറച്ചി, മുട്ട എന്നിവയുടെ വിൽപന നിരോധനം ഏപ്രിൽ 26 വരെ തുടരും.