April 20, 2025, 5:39 am

മച്ചാട് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി

മച്ചാട് ജനവാസ മേഖലയിലാണ് വന്യമൃഗങ്ങൾ കൂട്ടത്തോടെ ഇറങ്ങിയത്. തേക്കുംകര പഞ്ചായത്തിലെ മേലിലയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുന്നു. മെൻഡലിയുടെ വീട്ടിൽ ഷാജിയുടെ 25 ഓളം വാഴകളാണ് കാട്ടാനകൾ നശിപ്പിച്ചത്. ഇന്ന് രാവിലെയാണ് ആനയെത്തിയത്. നാട്ടുകാരുടെ ശബ്ദം കേട്ടാണ് ആന കാട്ടിലേക്ക് മടങ്ങിയത്. വെള്ളമില്ലാത്തതിനാൽ ആനകൾ കാടിറങ്ങുന്നതായി പ്രദേശവാസികൾ പറയുന്നു. വന്യമൃഗങ്ങളുടെ ആക്രമണം പലയിടത്തും ഉണ്ടാകുന്നുണ്ട്.

അതേസമയം, ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പൻ പശുവിനെ ആക്രമിച്ചു. പശുവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ആനയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. ചക്കക്കൊമ്പന്‍റെ ആക്രമണത്തില്‍ പശുവിന്‍റെ നടു ഒടിഞ്ഞുപോവുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. സിങ്കുകണ്ടം ഓലപ്പുരയ്ക്കല്‍ സരസമ്മ പൗലോസിന്‍റെ പശുവാണ് ചക്കക്കൊമ്പന്‍റെ ആക്രമണത്തിന് ഇരയായത്. ആന വരുന്നത് കണ്ടതോടെ സരസമ്മ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനാലാണ് വലിയൊരു ദുരന്തത്തില്‍ നിന്ന് ഇവര്‍ രക്ഷപ്പെട്ടത്.