‘കലാമണ്ഡലം ഗോപിയെ വിളിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല’; പ്രതികരിച്ച് സുരേഷ് ഗോപി
പല വിഐപികളും അച്ഛനെ സ്വാധീനിക്കാന്‍ നോക്കുന്നുവെന്ന കലാമണ്ഡലം ഗോപിയുടെ മകന്റെ പോസ്റ്റിൽ വിശദീകരണവുമായി തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. കലാമണ്ഡലം ഗോപിയെ വിളിക്കാൻ താൻ ആരോടും ഉത്തരവിട്ടിട്ടില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. സംഭവവുമായി തനിക്ക് ബന്ധമില്ലെന്നും പാർട്ടി ആരെയും ഉത്തരവാദികളാക്കിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിക്ക് വേണ്ടി കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയെ ഇംപ്രസ് ചെയ്യാൻ പല വിഐപികളും ശ്രമിക്കുന്നുണ്ടെന്ന് മകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് പോസ്റ്റ് പിൻവലിച്ചത്. ഇപ്പോൾ സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുതെന്നും ഈ ചർച്ച അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മറ്റൊരു സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് കലാമണ്ഡലം ഗോപിയുടെ മകൻ രഘു ഗുരുകൃപ.