November 28, 2024, 11:01 am

കള്ളവോട്ടിന് വഴിയൊരുക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വീഴ്ചയും

കള്ളവോട്ടിന് വഴിയൊരുക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വീഴ്ചയും.കോഴിക്കോട് ബേപ്പൂർ മണ്ഡലത്തിലാണ് ഒരാൾക്ക് തന്നെ മൂന്ന് വ്യത്യസ്ത നമ്പറുകളിൽ വോട്ടേഴ്സ് ഐഡി കാർഡ് അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടേഴ്സ് പട്ടികയിൽ ഉൾപ്പെടുത്തിയത്.

മാസങ്ങൾ നീണ്ട നടപടിക്രമങ്ങൾക്കൊടുവിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ വോട്ടർ പട്ടിക പ്രഖ്യാപിച്ചു. എന്നാൽ, തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് കമ്മിഷന് വലിയ പിഴവുകൾ കണ്ടെത്തി തിരുത്താൻ കഴിഞ്ഞത്. വോട്ടർ പട്ടിക പരിശോധിച്ച രാഷ്ട്രീയ പാർട്ടികൾ അനങ്ങാതെ നിന്നു.

കോഴിക്കോട് പാർലമെൻ്റ് മണ്ഡലത്തിലെ ബേപ്പൂർ ഇരുപത്തിനാലാം നമ്പർ ബൂത്തിലാണ് ഒരാൾക്ക് മൂന്ന് വോട്ട് അനുവദിച്ചത് 1197, 441, 1188 എന്നീ സീരിയൽ നമ്പറുകളുള്ള ഷാഹിർ ഷഹർ ഹമീദ് വോട്ടർക്കാണ് വോട്ട് ചെയ്യാൻ അർഹത. പേരും വിലാസവും ഫോട്ടോയും എല്ലാം ഒന്നുതന്നെയാണ്. വോട്ടർ ഐഡി നമ്പറും സീരിയൽ നമ്പറും മാത്രമാണ് മാറിയത്. വീഴ്ചയ്ക്ക് തെളിവായി കഴിഞ്ഞ ദിവസം പുതിയ മൂന്ന് വോട്ടേഴ്സ് ഐഡി കാർഡും തപാലിൽ വീട്ടിലെത്തി. മൂന്ന് ഐഡി കാർഡുകളിൽ രണ്ടെണ്ണം റദ്ദുചെയ്യാൻ ഓൺലൈനിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ് ഷാഹിർ. ഇത്തരം വീഴ്ചകള്‍ വേറെയും സംഭവിച്ചിട്ടുണ്ടാകില്ലേ എന്നാണ് ആശങ്ക ഉയരുന്നത്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ വ്യാപക കള്ളവോട്ട് സംഭവിക്കില്ലേ എന്നും ചോദ്യങ്ങളുയരുന്നു.

You may have missed