April 20, 2025, 11:26 am

അനധികൃത മണൽ ഖനന കേസിൽ ആർജെഡി ജനറൽ സെക്രട്ടറി സുഭാഷ് യാദവ് അറസ്റ്റിൽ

അനധികൃത മണൽ ഖനന കേസിൽ ആർജെഡി ജനറൽ സെക്രട്ടറി സുഭാഷ് യാദവ് അറസ്റ്റിലായി. സുഭാഷ് യാദവുമായി ബന്ധമുള്ള എട്ട് സ്ഥലങ്ങളിൽ 14 മണിക്കൂറിനുള്ളിൽ നിയമപാലകർ പരിശോധന നടത്തി. തുടർന്നാണ് അറസ്റ്റ്. ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിൻ്റെ വിശ്വസ്തൻ കൂടിയാണ് യാദവ്.

സുഭാഷ് യാദവിൻ്റെ കമ്പനി ഡയറക്ടർ ബ്രോഡ്‌സൺ കമ്മോഡിറ്റീസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ ബിഹാർ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ അടിസ്ഥാനത്തിലാണ് ഇഡി കേസ്. ബിസിപിഎല്ലിനെതിരെ 20 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അനധികൃത മണൽ വിൽപനയിലൂടെ 161 കോടി രൂപ സമ്പാദിച്ചു എന്നാണ് കണ്ടെത്തൽ.

ഈ സിൻഡിക്കേറ്റിലെ പ്രധാന അംഗമായ സുഭാഷ് യാദവിനും അടുത്ത കൂട്ടാളികൾക്കും ബന്ധമുള്ള പട്നയിലെ എട്ട് ഇടങ്ങളിൽ ഇഡി ശനിയാഴ്ച തെരച്ചിൽ നടത്തിയിരുന്നു. ഈ ഓപ്പറേഷനിൽ 2.3 കോടി മൂല്യമുള്ള പണവും രേഖകളും പിടിച്ചെടുത്തു. ഇതിന് പിന്നാലെയാണ് സുഹാഷ് യാദവ് അറസ്റ്റിലായത്. നേരത്തെ, സംഘത്തിലെ മറ്റ് അംഗങ്ങൾക്കെതിരെ ഇഡി സമാനമായ നടപടി സ്വീകരിച്ചിരുന്നു. ജെഡിയു നേതാവും ബിഹാർ നിയമസഭാംഗവുമായ രാധാ ചരൺ സായിയെയും മകനെയും അറസ്റ്റ് ചെയ്തു.