വിവാദങ്ങൾ മുറുകി നിൽക്കെ കേരള സർവകലാശാലയിൽ നിർണായക സെനറ്റ് യോഗം ഇന്ന്
വിവാദങ്ങൾ മുറുകി നിൽക്കെ കേരള സർവകലാശാലയിൽ നിർണായക സെനറ്റ് യോഗം ഇന്ന്. വി.സി നിയമനത്തിനായുള്ള പ്രതിനിധിയെ നിശ്ചയിക്കുന്നതിനായാണ് യോഗം ചേരുന്നത്. പ്രതിഷേധത്തിന് സാധ്യത ഉള്ളതിനാൽ ചാൻസിലർ നിയമിച്ച അംഗങ്ങൾ പോലീസ് സംരക്ഷണത്തിൽ ആയിരിക്കും യോഗത്തിന് എത്തുക. സെർച്ച് കമ്മിറ്റിയിലേക്കുള്ള യൂണിവേഴ്സിറ്റി പ്രതിനിധിയെ നിശ്ചയിച്ച് നൽകണമെന്ന ഗവർണറുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് കേരള സർവകലാശാലയിൽ സെനറ്റ് യോഗം ചേരുന്നത്. യോഗം ചേരാനുള്ള തീരുമാനത്തിന് പിന്നാലെ എതിർപ്പുകളും വിവാദങ്ങളും ഉയർന്നിരുന്നു. ഇതിനെ എല്ലാം മറികടന്നുകൊണ്ടാണ് ഇന്ന് യോഗം ചേരുന്നത്. രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തിൽ സർവകലാശാലാ നോമിനിയെ നിശ്ചയിക്കുക എന്ന ഒറ്റ അജണ്ട മാത്രമാണുള്ളത്. 106 അംഗങ്ങളുള്ള സെനറ്റിൽ ക്വാറം തികയാൻ മൂന്നിലൊന്ന് അംഗബലം മതിയാകും.