November 27, 2024, 9:08 pm

ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാവുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമെന്ന് മന്ത്രി പി രാജീവ്

ഹരിത ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമാകും കൊച്ചി രാജ്യാന്തര വിമാനത്താവളമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. വിമാനത്താവളത്തിൽ 1000 കിലോവാട്ട് സ്ഥാപിത ശേഷിയുള്ള ‘ഗ്രീൻ ഹൈഡ്രജൻ പ്ലാൻ്റ്’ സ്ഥാപിക്കാൻ ബിപിസിഎല്ലുമായി സിയാൽ കരാർ ഒപ്പിട്ടതായി മന്ത്രി രാജീവ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

കൊച്ചി വിമാനത്താവള പരിസരത്താണ് ഹരിത ഹൈഡ്രജൻ ഉൽപാദന പ്ലാൻ്റ് നിർമിക്കുക. സിയാൽ സോളാർ പവർ പ്ലാൻ്റുകളിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ഭാവിയിലെ ഇന്ധനമായ ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുമെന്നും മന്ത്രി വിശദീകരിച്ചു.

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ
ആദ്യ വിമാനത്താവളമാവുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. 1000 കിലോവാട്ട് സ്ഥാപിതശേഷിയുള്ള ‘ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ്’ വിമാനത്താവളത്തിൽ സ്ഥാപിക്കാൻ ബി.പി.സി.എല്ലുമായി സിയാൽ കരാർ ഒപ്പ് വച്ചു.
പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ തന്നെ ആദ്യത്തെ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ) ബി.പി.സി.എല്ലിന്റെ സാങ്കേതിക പിന്തുണയോടെ കൊച്ചി വിമാനത്താവള പരിസരത്താണ് ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നത്. സിയാലിന്റെ സൗരോർജ പ്ലാന്റുകളിൽ നിന്നുള്ള വൈദ്യുതോർജം ഉപയോഗിച്ചാണ് ‘ ഭാവിയുടെ ഇന്ധന’മായ ഗ്രീൻ ഹൈഡ്രജൻ ഉൽപാദിപ്പിക്കുക.
കരാർ പ്രകാരം ബി.പി.സി.എൽ പ്ലാന്റ് സ്ഥാപിക്കുകയും, വേണ്ട സാങ്കേതികസഹായം ലഭ്യമാക്കുകയും ചെയ്യും. വൈദ്യുതിയും വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സിയാൽ ലഭ്യമാക്കും. 2025-ന്റെ തുടക്കത്തിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പ്ലാന്റിൽ നിന്ന് ലഭിക്കുന്ന ഇന്ധനം വിമാനത്താവള ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഉപയുക്തമാക്കും. ഇതിനായി പ്രത്യേക സജ്ജീകരണങ്ങളുള്ള വാഹനങ്ങൾ വാങ്ങും. 50 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള സോളാർ- ഹൈഡ്രോ പദ്ധതികളിലൂടെ 2 ലക്ഷം യൂണിറ്റ് വൈദ്യുതി, സിയാൽ ദിവസേന ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇതുകൂടാതെയാണ് 1000 കിലോവാട്ട് സ്ഥാപിതശേഷിയുള്ള ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സിയാൽ സ്ഥാപിക്കുന്നത്.

You may have missed