മാസപ്പടി കേസ്: എസ്‌എഫ്‌ഐഒ അന്വേഷണത്തിനെതിരായ വീണയുടെ ഹർജിയിൽ വിധി ഇന്ന്

മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി നൽകിയ ഹർജിയിൽ കർണാടക ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് 2.30ന് വിധി പറയും. അന്വേഷണംതന്നെ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എക്സാലോജിക് സൊലൂഷൻസ് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണത്തിന് ആധാരമായ കാര്യങ്ങൾ വിവരിക്കണമെന്നും അന്വേഷണം ക്രമവിരുദ്ധമായതിനാൽ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ പറയുന്നു. മാസപ്പടി കേസിൽ എസ്‌എഫ്‌ഐഒ ഡയറക്ടറെ എതിർകക്ഷിയാക്കിയാണു വീണാ വിജയൻറെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കർണാടക ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ഇടക്കാല ഉത്തരവ് വരുന്നതുവരെ അറസ്റ്റുപോലുള്ള കടുത്ത നടപടികളുണ്ടാകരുതെന്ന് കർണാടക ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്നും, ആവശ്യമായ രേഖകൾ വീണയുടെ കമ്ബനിയായ എക്സാലോജിക് സൊലൂഷൻസ് എസ്‌എഫ്‌ഐഒയ്ക്ക് കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.