November 27, 2024, 7:57 pm

കർഷക മാർച്ചിനു നേരെ ഹരിയാന പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതിൽ പ്രതിഷേധിച്ച്‌ നാളെ പഞ്ചാബിൽ ട്രെയിൻ തടയും

ന്യൂഡൽഹി: കർഷകമാർച്ചിനു നേരെ ഹരിയാന പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതിൽ പ്രതിഷേധിച്ച്‌ വ്യാഴാഴ്ച പഞ്ചാബിൽ റെയിൽ ഗതാഗതം തടയുമെന്ന് കർഷകർ. ഉച്ച മുതൽ ആരംഭിക്കുന്ന ട്രെയിൻ തടയൽ വൈകിട്ട് നാലു വരെ തുടരും. സമരം ചെയ്യുന്ന കർഷകരോടുള്ള ഹരിയാന സർക്കാരിന്റെ ഏകാധിപത്യ മനോഭാവത്തിനെതിരെയാണ് വ്യാഴാഴ്ച നടത്തുന്ന പ്രതിഷേധമെന്ന് കർഷകർ അറിയിച്ചു. സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്ദൂർ മോർച്ച എന്നീ സംഘടനകളാണ് സമരത്തിന് നേതൃത്വം കൊടുക്കുന്നത്.
പഞ്ചാബ് ഹരിയാന അതിർത്തിയായ ശംബു, ഖനൗരി പ്രദേശങ്ങളിൽ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് നേരെയാണ് ഹരിയാന പോലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചത്. ഏഴ് സ്‍ഥലങ്ങളിലാണ് ട്രെയിൻ തടയുകയെന്ന് ഭാരതീയ കിസാൻ യൂനിയൻ (ബി.കെ.യു) അറിയിച്ചു. വിളകൾക്ക് മിനിമം താങ്ങുവില ലഭ്യമാക്കുക, എം.എസ് സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കുക, കർഷകർക്കും കർഷകതൊഴിലാളികൾക്കും പെൻഷൻ നൽകുക ഉൾപ്പെടെയെുള്ള ആവശ്യങ്ങളാണ് സമരസമിതി ഉന്നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed