November 27, 2024, 8:13 pm

നിയമസഭാ പൊതുസമ്മേളനം ഇന്ന് പുനരാരംഭിക്കും; കാട്ടാനാക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവം അടിയന്തര പ്രമേയമായി അവതരിപ്പിക്കാൻ പ്രതിപക്ഷം

നിയമസഭ പൊതുസമ്മേളനം ഇന്ന് പുനരാരംഭിക്കും. ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയാകും ഇന്ന് മുതല്‍ ഫെബ്രുവരി 15 വരെ. വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവം നിയമസഭയിൽ അടിയന്തര പ്രമേയമായി അവതരിപ്പിക്കാൻ പ്രതിപക്ഷം. വന്യമൃഗങ്ങളുടെ ആക്രമണത്തെക്കുറിച്ചുള്ള വനമേഖലയിലെ ജനങ്ങളുടെ ആശങ്ക സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. ടി സിദ്ദിഖ് എംഎൽഎയായിരിക്കും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുക.
സിപിഐ മന്ത്രിമാരുടെ ഭക്ഷ്യം, റവന്യു, മൃഗസംരക്ഷണം വകുപ്പുകള്‍ക്ക് ബജറ്റില്‍ വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്ന പരാതി മന്ത്രിമാര്‍ തന്നെ നേരിട്ട് ഉന്നയിച്ച സാഹചര്യത്തില്‍ പ്രതിപക്ഷം ഇത് സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ സാധ്യതയുണ്ട്.
പരസ്യ പ്രതികരണം പാടില്ലെന്ന പാര്‍ട്ടി നേതൃത്വത്തിന്‍റെ നിര്‍ദ്ദേശത്തിന്‍റെ പശ്ചാതലത്തില്‍ മന്ത്രിമാര്‍ വിമര്‍ശനമുന്നയിക്കാന്‍ സാധ്യതയില്ല. എന്നാല്‍ സിപിഐ മന്ത്രിമാരുടെ പരാതികള്‍ക്ക് പരിഹാരം കാണുന്ന പ്രഖ്യാപനങ്ങള്‍ ധനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന സാഹചര്യവും തള്ളിക്കളയാനാകില്ല. പ്രതിപക്ഷം വന്യജീവി ആക്രമണം അടിയന്തര പ്രമേയമായി അവതരിപ്പിക്കാനാണ് സാധ്യത.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള കെപിസിസി യുടെ സമരാഗ്നി തുടരുന്ന സാഹര്യത്തില്‍ അടിയന്തര പ്രമേയ ചര്‍ച്ച പൂര്‍ത്തിയാക്കി ഉച്ചക്ക് ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിരികെ കോഴിക്കോടേക്ക് മടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സാധ്യത പരിഗണിച്ചാണ് ഫെബ്രുവരി 15 ന് നിയമസഭ പിരിയുന്നത്.

സമ്പൂര്‍ണ ബജറ്റ് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പാസാക്കും. അതേ സമയം നാല് മാസത്തെ ചിലവുകള്‍ക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കിയാകും നിയമസഭ പിരിയുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെയുള്ള പ്രചരണം ശക്തമാക്കാനുള്ള നീക്കങ്ങളാണ് പ്രതിപക്ഷത്തില്‍ പരിഗണനയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed