November 27, 2024, 9:09 pm

“കനത്ത മഴ മുന്നറിയിപ്പ്: യുഎഇ അതീവ ജാഗ്രതയിൽ, സ്‌കൂളുകൾക്കും സർവകലാശാലകൾക്കും വർക്ക് ഫ്രം ഹോം”

 
അതിശക്തമായ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് യുഎഇ-യില്‍ അതീവ ജാഗ്രത. രാജ്യത്ത് തിങ്കളാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതേത്തുടര്‍ന്ന് സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

രാവിലെ മുതല്‍ രാജ്യത്തെ ഏഴ് എമിറേറ്റുകളില്‍ ആറിടത്തും മഴയുണ്ട്. അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലെല്ലാം ഭേദപ്പെട്ട മഴ പെയ്യുന്നുണ്ട്. ഉമ്മുല്‍ഖുവെയിനില്‍ മാത്രമാണ് മഴയ്ക്ക് അല്‍പം കുറവുള്ളത്. സ്വയ്ഹാന്‍, ദിബ്ബ, അല്‍ ദഫ്‌റ, അല്‍ ഹംറ, മലീഹ, ജബല്‍ അലി എന്നിവിടങ്ങളിലാണ് മഴ കൂടുതല്‍ ശക്തം.

മഴയും മോശം കാലാവസ്ഥയും മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെഡ്- യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. മഴയെ തുടര്‍ന്ന് നിരവധിയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടത്തും പാര്‍ക്കിങ്് കേന്ദ്രങ്ങളിലടക്കം വെള്ളം കയറി. രാത്രിയോടെ മഴ കൂടുതല്‍ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

തിങ്കളാഴ്ച എല്ലാ എമിറേറ്റുകളിലും കനത്ത മഴയുണ്ടാകും. മണക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍വരെ കാറ്റ് വീശിയേക്കും. ബീച്ചുകളില്‍ പോകുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നിയന്ത്രണവുമുണ്ട്. പൊതുപാര്‍ക്കുകള്‍, ഗ്ലോബല്‍ വില്ലേജ് അടക്കമുള്ള വിനോദ കേന്ദ്രങ്ങള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനത്തെ മഴ ബാധിച്ചേക്കും. ചൊവ്വാഴ്ച വരെ മഴ തുടരും. ബുധനാഴ്ചയോടെ രാജ്യത്തെ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് പ്രവചനം.

Leave a Reply

Your email address will not be published. Required fields are marked *

You may have missed