എറണാകുളം മഹാരാജാസ് കോളേജ് തുറക്കാൻ ധാരണ

എറണാകുളം മഹാരാജാസ് കോളേജ് തുറക്കാൻ ധാരണ. നാളെ കോളേജ് തുറക്കും. വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് കോളേജ് അടച്ചിട്ടിരിക്കുകയാണ്. വിദ്യാർഥി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് കോളജ് തുറക്കുന്നത് സംബന്ധിച്ച് ധാരണയായത്. അഞ്ച് ക്യാമ്പസ് സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
ഇന്നലെ ചേർന്ന പിടിഎ യോഗത്തിൽ കോളജ് അടിയന്തരമായി തുറക്കാൻ തീരുമാനിച്ചിരുന്നു. വൈകിട്ട് ആറിന് ശേഷം കാമ്പസ് വിടുക, തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കുക, സുരക്ഷാ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുക തുടങ്ങിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു. വൈകിട്ട് ആറിന് കാമ്പസിൽ അനധികൃതമായി അതിക്രമിച്ചു കടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കും.
മഹാരാജാസ് കോളേജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ 15 പേർക്കെതിരെ പൊലീസ് ഇതുവരെ കേസെടുത്തിട്ടുണ്ട്. 15 പേരും കെഎസ്‌യുവിന്റെയും വിദ്യാർത്ഥി സംഘടനകളുടെയും സജീവ പ്രവർത്തകരാണ്. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെ ഒമ്പത് വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. പട്ടികയിൽ വിദ്യാർത്ഥിനികളും ഉൾപ്പെടുന്നു.