മുന്‍ഗണനാ റേഷന്‍ കാര്‍ഡ് വിതരണം ഇന്നുമുതല്‍,ആര്‍ക്കൊക്കെ ലഭ്യമാകും?
സംസ്ഥാനത്ത് മുന്‍ഗണനാ റേഷന്‍ കാര്‍ഡിനായി അപേക്ഷ നല്‍കിയവരില്‍ 45127 പേര്‍ക്കു കൂടി മുന്‍ഗണനാ കാര്‍ഡ് നല്‍കും. 2023 ഒക്ടോബര്‍ 10 മുതല്‍ 30 വരെ ഓണ്‍ലൈനായി ലഭിച്ച അപേക്ഷകളും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ നവകേരള സദസ്സില്‍ ലഭിച്ച അപേക്ഷളും പരിഗണിച്ചാണ് ഇത്രയും പേര്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍ നല്‍കുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍ പറഞ്ഞു.
തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജിആര്‍ അനില്‍ റേഷന്‍ കാര്‍ഡ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഈ സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം 39611 മഞ്ഞ കാര്‍ഡുകളും (എഎവൈ) 3,28,175 പിങ്ക് കാര്‍ഡുകളും (പി.എച്ച്.എച്ച്) ഉള്‍പ്പെടെ 3,67,786 മുന്‍ഗണനാ കാര്‍ഡുകള്‍ തരംമാറ്റി വിതരണം ചെയ്തതായി മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് വിതരണം ആരംഭിക്കുന്ന കാര്‍ഡുകള്‍ കൂടി ചേരുന്നതോടെ വിതരണം ചെയ്ത ആകെ മുന്‍ഗണനാ കാര്‍ഡുകളുടെ എണ്ണം 4,12,913 ആകും.
ദേശീയ ഭക്ഷ്യ നിയമം അനുശാസിക്കുന്ന മുന്‍ഗണനാ വിഭാഗങ്ങള്‍ക്കു പുറമേ മുഴുവന്‍ പേര്‍ക്കും ലഭ്യതയുടെ അടിസ്ഥാനത്തില്‍ റേഷന്‍ കാര്‍ഡ് നല്‍കുന്ന സമീപനമാണു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഭക്ഷ്യധാന്യങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ടു ഭക്ഷ്യധാന്യങ്ങളുടെ വില, റേഷന്‍ വ്യാപാരികളുടെ കമ്മിഷന്‍, ഗതാഗത കൈകാര്യ ചെലവ്, ഗോഡൗണ്‍ വാടക, ജീവനക്കാരുടെ ശമ്പളം, മറ്റ് അനുബന്ധ ചെലവുകള്‍ എന്നീ ഇനങ്ങളില്‍ വലിയ തുകയാണു സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നത്. നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്കു നല്‍കേണ്ട ഭക്ഷ്യധാന്യങ്ങളുടെ വിലയിനത്തില്‍ പ്രതിമാസം ശരാശരി 28 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നത്.
2023 മുതല്‍ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്കുള്ള റേഷന്‍ വിഹിതം കേന്ദ്ര സര്‍ക്കാര്‍ സൗജന്യമാക്കിയിരുന്നു. ഈ കാലയളവിനു മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണനാ കാര്‍ഡുകാര്‍ക്കു കേന്ദ്രത്തില്‍നിന്നു സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങി മഞ്ഞ കാര്‍ഡുകാര്‍ക്ക് (5,89,267 കാര്‍ഡ് ഉടമകള്‍) സൗജന്യമായും പിങ്ക് കാര്‍ഡുകാര്‍ക്ക് (3447897 കാര്‍ഡ് ഉടമകള്‍) മൂന്നു രൂപ നിരക്കില്‍ അരിയും രണ്ടു രൂപ നിരക്കില്‍ ഗോതമ്പുമാണ് ലഭ്യമാക്കിയിരുന്നത്
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമ പ്രകാരം അനുവദിക്കുന്ന 10.25 മെട്രിക് ടണ്ണും മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കായുള്ള സംസ്ഥാന പദ്ധതി പ്രകാരമുള്ള നാലു ലക്ഷം ടണ്‍ മെട്രിക് ടണ്‍ ഭക്ഷ്യ ധാന്യങ്ങളുമാണു പൊതുവിതരണ സംവിധാനം വഴി നടത്തിവരുന്നത്. ഇതില്‍ മുന്‍ഗണനാ കാര്‍ഡുകള്‍ക്കുള്ള ഭക്ഷ്യധാന്യ വിതരണത്തിനു മാത്രമേ കേന്ദ്ര സര്‍ക്കാരില്‍നിന്നു സാമ്പത്തിക സഹായം ലഭ്യമാകൂ. 57 ശതമാനം വരുന്ന മുന്‍ഗണനാ കാര്‍ഡുകാര്‍ക്കു റേഷന്‍ വിതരണത്തിനായുള്ള ചെലവുകള്‍ പൂര്‍ണമായി സംസ്ഥാന സര്‍ക്കാരാണു നിര്‍വഹിക്കുന്നതെന്നും കണക്കുകള്‍ സഹിതം മന്ത്രി വ്യക്തമാക്കി.