കുമാരനാശാന്റെ 100-മത് സ്മൃതി ദിനം ആലുവ എസ് എൻ ഡി പി യൂണിയൻ ആചരിച്ചു
എസ് എൻ ഡി പി യോഗത്തിന്റെ പ്രഥമ ജനറൽ സെക്രട്ടറി മഹാകവി കുമാരനാശാന്റെ 100-മത് സ്മൃതി ദിനം ആലുവ എസ് എൻ ഡി പി യൂണിയൻ സാമൂചിതമായി ആചരിച്ചു. മലയാളകവിതയുടെ കാല്പനികവസന്തത്തിന് തുടക്കംകുറിച്ച മഹാകവി കുമാരനാശാന്റെ ഓർമകൾക്ക് ഇന്നേക്ക് നൂറുവർഷം. മലയാള ഭാഷ കണ്ട ഏറ്റവും മഹാനായ കവി സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ എക്കാലവും നിലകൊണ്ടിരുന്നു. നളിനിയും ലീലയും ചിന്താവിഷ്ടയായ സീതയും വീണുപൂവുമെല്ലാം മലയാളിക്ക് സമ്മാനിച്ച കുമാരനാശാൻ ഖണ്ഡകാവ്യങ്ങൾ മാത്രം എഴുതിയാണ് മഹാകവിപ്പട്ടം സ്വന്തമാക്കിയത്. ഇരുപതിനായിരത്തിൽപരം വരികളിൽ വ്യാപിച്ചുകിടക്കുന്ന പതിനേഴു കൃതികളാണ് ആശാൻറെ കാവ്യസമ്പത്ത്. ആശാൻറെ പ്രശസ്തമായ വിലാപകാവ്യമാണ് പ്രരോദനം. ഗുരുവും വഴികാട്ടിയുമായ എ. ആറിൻറെ മരണത്തിൽ വിലപിച്ചുകൊണ്ട് ആശാൻ രചിച്ച കാവ്യമാണ് പ്രരോദനം. വീണപൂവ്, നളിനി ലീല, ചിന്താവിഷ്ടയായ സീത, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, കരുണ എന്നിവയാണ് ആശാൻറെ രചനകളിൽ മികച്ച് നിൽക്കുന്നത്. അദ്ദേഹത്തിൻറെ കാവ്യങ്ങളിൽ ഏറ്റവും കൂടുതൽ പ്രചാരം കിട്ടിയ കരുണയെ ആശാൻറെ പട്ടം കെട്ടിയ രാജ്ഞിയായാണ് വാഴ്ത്തപ്പെടുന്നത്.
സീതയ്ക്കു പറയാനുള്ളതെന്തെന്ന് ‘ചിന്താവിഷ്ടയായ സീത’യിലൂടെ കേൾപ്പിച്ചുതന്ന ആശാന്റെ വിപ്ലവത്തിന് മലയാളത്തിൽ സമാനതകളില്ല.കേരള സമൂഹത്തിന്റെ നീണ്ട കാലത്തെ വികാസചരിത്രമാണ് കുമാരനാശാന്റെ മുഖപ്രസംഗങ്ങളിൽ പ്രതിഫലിക്കുന്നത്. ജാതിക്കെതിരായ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണവ. ഗുരുദേവൻ സ്ഥാപിച്ച സംസ്‌കൃത പാഠശാല അങ്കണത്തിൽ സ്ഥിതി ചെയ്യുന്ന കുമാരനാശാന്റെ പടിപ്പുര മാളികയിൽ ആലുവ എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് ശ്രീ. വി. സന്തോഷ് ബാബു അവർകളുടെ അധ്യക്ഷതയിൽ ആലുവ അദ്വൈതാശ്രമം സെക്രട്ടറി ശ്രീമദ് ധർമ്മചൈതന്യ സ്വാമികൾ ഉദ്ഘാടനം നിർവ്വഹിച്ചു.