April 20, 2025, 11:16 am

സംസ്ഥാനത്ത് അരിവില വീണ്ടും ഉയരുന്നു

സംസ്ഥാനത്ത് അരിവില വീണ്ടും ഉയർന്നു. പൊന്നി, കോല അരി ഇനങ്ങള്‍ക്ക് എട്ടു രൂപയോളമാണ് വര്‍ധിച്ചിരിക്കുന്നത്. സീസണിൽ വില കുറയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കുറുവ, ജയ അരി ഇനങ്ങൾക്ക് ഇപ്പോഴും ഉയർന്ന വിലയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ പൊന്നി അരിയുടെ വിലയിൽ എട്ട് രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. കോഴിക്കോട് വള്ളിയങ്ങാടിയിലെ മൊത്തവിപണിയിൽ പോണി അരിക്ക് 47 മുതൽ 65 രൂപ വരെയാണ് നിലവിലെ വില.ചില്ലറ വിൽപന കേന്ദ്രങ്ങളിൽ വിതരണം ചെയ്യുമ്പോൾ 55 മുതൽ 73 രൂപ വരെയാണ് വില.ബിരിയാണിയിൽ ഉപയോഗിക്കുന്ന കോല അരിയുടെ വിലയും വർധിച്ചു. ഏഴുരൂപയാണ് വില വർധിപ്പിച്ചിരിക്കുന്നത്.

കോല അരിയുടെ ചില്ലറ വിൽപന വില കിലോയ്ക്ക് 72 രൂപയോളമാണ്. വില കുറയ്ക്കേണ്ട സമയമായെങ്കിലും ജയ, കുറുവ നൂർജഹാൻ തുടങ്ങിയ സാധനങ്ങളുടെ വില കുറഞ്ഞിട്ടില്ല. ആന്ധ്ര കുറുവ 47 രൂപയ്ക്കും 54 രൂപയ്ക്കും ഇടയിലാണ് വിൽക്കുന്നത്. കയറ്റുമതി വർധിച്ചതും കൂടുതൽ ഉൽപ്പാദനക്ഷമതയുള്ള നെല്ലുകളിലേക്ക് കർഷകർ മാറിയതുമാണ് വില ഉയരാൻ കാരണം. ആന്ധ്ര, തമിഴ്‌നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും അരി കേരളത്തിലെത്തുന്നത്. വിളവെടുപ്പ് സീസണോടെ ഇവിടെ വില കുറയുമെന്നാണ് കരുതുന്നത്.