April 21, 2025, 4:09 am

മൂന്നാമത്തെ നൂറ് കോടിയുമായി മോഹൻലാൽ, കുതിച്ച് കയറി ‘നേര്’

ഇടക്കാലത്തെ പരാജയങ്ങൾക്ക് ശേഷം മോഹൻലാൽ വൻ തിരിച്ചുവരവ് നടത്തിയൊരു സിനിമയാണ് നേര്. അതുതന്നെയാണ് ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകർഷിച്ച ഘടകങ്ങളിൽ ഒന്ന്.ജീത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ നേര് നൂറ് കോടി ബിസിനിസ് സ്വന്തമാക്കിയതായി നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസ് അറിയിച്ചു. ഇവരുടെ ഔദ്യോ​ഗിക ഫേസ്ബുക്ക്, ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. പറഞ്ഞ പ്രമേയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം മികച്ച മൗത്ത് പബ്ലിസിറ്റിയ്ക്ക് ഒപ്പം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഇപ്പോഴിതാ നേരിന്റെ ബോക്സ് ഓഫീസ് കളക്ഷനുമായി ബന്ധപ്പെട്ട പോസ്റ്ററുകളും ട്വീറ്റുകളും വൈറൽ ആകുകയാണ്.

‘എല്ലാ സ്നേഹത്തിനും നന്ദി! നേര് 100 കോടി ക്ലബ്ബിൽ എത്തിയിരിക്കുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കും സിനിമാപ്രവർത്തകർക്കും അണിയറ പ്രവർത്തകർക്കും നന്ദി’, എന്നാണ് ആശീർവാദ് സിനിമാസ് കുറിച്ചിരിക്കുന്നത്. 2023 ഡിസംബർ 21ന് ആയിരുന്നു നേര് തിയറ്ററിൽ എത്തിയത്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 ന് തിയറ്ററുകളിലെത്തിയ സിനിമയാണ് ‘നേര്’. തിയറ്റര്‍ വ്യവസായത്തിനും വലിയ നേട്ടമാണ് ഈ ചിത്രം സമ്മാനിച്ചിരിക്കുന്നത്. 2023 ലെ അവസാന മലയാളം ഹിറ്റ് എന്ന ടാഗും ഇതോടെ ഈ ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം സ്വന്തമാക്കി. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരുന്നു നിർമാണം. ആഷിഷ് ജോ ആന്റണിയായിരുന്നു സഹ നിർമാതാവ്.