November 27, 2024, 10:21 pm

ഏഴര വർഷങ്ങൾക്ക് മുൻപ് കാണാതായ ഇന്ത്യൻ വ്യോമസേനയുടെ വിമാനവശിഷ്ടങ്ങൾ കണ്ടെത്തി

ഏഴര വർഷങ്ങൾക്ക് മുൻപ് 29 ഉദ്യോഗസ്ഥരുമായി കാണാതായ ഇന്ത്യൻ വ്യോമസേനയുടെ വിമാനവശിഷ്ടങ്ങൾ കണ്ടെത്തി. 2016 ജൂലൈയിൽ ചെന്നൈയിൽ നിന്ന് യാത്ര തിരിച്ച വ്യോമസേനയുടെ അന്റോനോവ്-32 ട്രാൻസ്പോർട്ട് വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ചെന്നൈയിൽ നിന്ന് പോർട്ട് ബ്ലെയറിലേക്കുള്ള യാത്രയ്ക്കിടെ ബംഗാൾ ഉൾക്കടലിനു മുകളിലൂടെ പറക്കുന്നതിനിടെയാണ് വിമാനം കാണാതായത്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയുടെ ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾ (AUV) ആണ് വിമാനത്തിൻ്റെ ഭാഗങ്ങൾ ചെന്നൈ തീരത്ത് നിന്ന് 140 നോട്ടിക്കൽ മൈൽ (310 കിലോമീറ്റർ) ചുറ്റളവിൽ 3,400 മീറ്റർ താഴ്ചയിൽ നിന്ന് കണ്ടെത്തിയത്. പരിശോധനകൾ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഏഴര വർഷങ്ങൾക്ക് മുൻപ് കാണാതായ വിമാനത്തിൻ്റെ അവശിഷ്ടമാണിത് എന്ന് വ്യക്തമായത്. പരിശോധനയിൽ കണ്ടെത്തിയത് കാണാതായ AN-32 വിമാനത്തിൻ്റെ ഭാഗങ്ങളാണെന്ന് ഇന്ത്യൻ എയർഫോഴ്സ് വക്താവ് വിംഗ് കമാൻഡർ ആശിഷ് മോഗെ പറഞ്ഞു.

വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെങ്കിലും വിമാനത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടില്ല. 2016 ജൂലൈ 22ന് ചെന്നൈയിലെ താംബരം എയർബേസിൽ നിന്ന് പോർട്ട് ബ്ലെയറിലേക്കുള്ള യാത്രാമധ്യേയാണ് ഇരട്ട എഞ്ചിൻ വിമാനമായ എഎൻ-32 കാണാതായത്. വിമാനത്തിൽ 17 സൈനികർ ഉൾപ്പെടെ 29 പേരുണ്ടായിരുന്നു. ക്ലോസ് റേഞ്ച് നേവൽ ഗൺ (CRN-91) യുദ്ധക്കപ്പലിൻ്റെ അറ്റകുറ്റപണികൾക്കായിട്ടാണ് സംഘം പോർട്ട് ബ്ലെയറിലേക്ക് യാത്ര തിരിച്ചത്.

എഎൻ-32 പറന്നുയർന്ന് 16 മിനിറ്റിനുശേഷം വിമാനവുമായുള്ള ബന്ധം നഷ്ടമായി. ജൂലൈ 22ന് ചെന്നൈയിൽ നിന്ന് കിഴക്ക് 151 നോട്ടിക്കൽ മൈൽ അകലെ രാവിലെ 9.15 നാണ് റഡാറുകളിൽ ഇത് അവസാനമായി കണ്ടത്. രാവിലെ 11.30ന് പോർട്ട് ബ്ലെയറിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം 23,000 അടി ഉയരത്തിൽ വെച്ച് അപ്രതീക്ഷിതമായി എന്നാണ് റിപ്പോർട്ട്. വിമാനം കണ്ടെത്തുവാൻ ഹെലികോപ്റ്ററുകളും യുദ്ധക്കപ്പലുകളും അന്തർവാഹിനിയും ഉപയോഗിച്ച് വലിയ തിരച്ചിൽ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.

You may have missed