April 4, 2025, 4:01 pm

മിൽമ തിരുവനന്തപുരം മേഖലാ തിരഞ്ഞെടുപ്പ്ഫലത്തിന് സ്റ്റേ ഇല്ല

മില്‍മ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍ ഭരണസമിതിയിലേക്ക് നടത്തിയ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു.ജസ്റ്റിസ് അനിരുദ്ധബോസ് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് നൽകിയത്. കേരള സർക്കാരിനും ഹർജിയിലെ എതിർകക്ഷികൾക്കുമാണ നോട്ടീസ്.

ഭരണസമിതി എടുക്കുന്ന ഏത് തീരുമാനവും സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് കോണ്‍ഗ്രസ് നേതാവ് വട്ടപ്പാറ ചന്ദ്രന്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. 978 സംഘങ്ങളുൾപ്പെട്ട യൂണിയനിലേക്ക് 58 സൊസൈറ്റികളിൽ അഡ്മിനിസ്ട്രേറ്റർ ഭരണമാണ്. 23 സംഘങ്ങൾ യൂണിയന്റെ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളതാണ്. ഇവരുടെ വോട്ടുകൾ എണ്ണരുതെന്നാണ് ഹർജിക്കാരുടെ വാദം. അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലുള്ള ക്ഷീരസഹകരണ സംഘങ്ങളുടെ വോട്ടുകള്‍ പരിഗണിക്കാതെ വോട്ടെണ്ണാനായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ്.എന്നാല്‍, ഇതിനെതിരെ സംസ്ഥാന സര്‍ക്കാരും മില്‍മയും ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു.